ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം അതിരുകടന്നതാണെന്നും ജനാധിപത്യപരമായ സമരങ്ങൾക്ക് കൃത്യമായ പരിധിയുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മന്ത്രിയുടെ വീട്ടിൽ അതിക്രമിച്ചു കയറി റീത്ത് വയ്ക്കുന്നത് അതീവ ഗൗരവകരമായ കുറ്റമാണെന്നും, ഇത്തരം ക്രിമിനൽ സ്വഭാവമുള്ള സമരമുറകൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അറിവോടെയാണ് ഈ അക്രമ സമരം ആസൂത്രണം ചെയ്തതെന്ന് മന്ത്രി കുറ്റപ്പെടുത്തി. യൂത്ത് കോൺഗ്രസ് ജനാധിപത്യ വിരുദ്ധമായ പാത സ്വീകരിച്ച് മന്ത്രിയെ ഒറ്റപ്പെടുത്താനും വിരട്ടാനും ശ്രമിക്കുകയാണ്. എന്നാൽ അത്തരം ഭീഷണികൾക്ക് മുന്നിൽ പതറുന്നവരല്ല ഇടതുപക്ഷ പ്രവർത്തകരെന്നും, ആരോഗ്യവകുപ്പിനെ തളർത്താനുള്ള ശ്രമം വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ അവ ചർച്ചയിലൂടെ പരിഹരിക്കാൻ സർക്കാർ എപ്പോഴും സന്നദ്ധമാണ്. കേന്ദ്ര സർക്കാർ പോലും പ്രശംസിച്ച മാതൃകാപരമായ പ്രവർത്തനങ്ങളാണ് കേരളത്തിലെ ആരോഗ്യ രംഗത്ത് നടക്കുന്നത്. വസ്തുതകൾ ഇതായിരിക്കെ, പുകമറ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് യൂത്ത് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
യൂത്ത് കോൺഗ്രസ് ഇത്തരം നിലവാരമില്ലാത്ത വിരട്ടലുകൾ ഉപേക്ഷിക്കുന്നതാണ് അവർക്ക് നല്ലതെന്നും മന്ത്രി ഓർമ്മിപ്പിച്ചു. മന്ത്രിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ച ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
















