ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ റീത്ത് വെച്ച നടപടിയെ പൂർണ്ണമായും തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിമാരുടെ വീടിനുള്ളിലേക്ക് ഇരച്ചുകയറിയുള്ള സമരത്തോട് യോജിക്കാനാവില്ലെന്നും, ഇത്തരം മോശം പ്രവണതകൾ കോൺഗ്രസിന്റെ രീതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമരത്തിന്റെ ഭാഗമായി റീത്ത് സമർപ്പിക്കാൻ താൻ ആർക്കും നിർദ്ദേശം നൽകിയിട്ടില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു. “മന്ത്രിമാരുടെ വീട്ടിൽ റീത്ത് വെക്കാൻ പറയലല്ല എന്റെ പണി. റീത്ത് വെക്കുന്നത് കോൺഗ്രസ് സമര രീതിയല്ല, അത്തരമൊരു നിർദ്ദേശം താൻ ആർക്കും നൽകിയിട്ടുമില്ല. ഇത്തരം രീതികളൊക്കെ സി.പി.എമ്മിന്റേതാണ്. സാനു മാഷിന്റെ മകന്റെ വീട്ടിൽ റീത്ത് വെച്ചത് സി.പി.എം അല്ലേ?” – അദ്ദേഹം ചോദിച്ചു. വ്യക്തിഹത്യ നടത്തുന്നതിനോ കുടുംബാംഗങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനോ പാർട്ടി കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ ഔദ്യോഗിക വസതിയായ കന്റോണ്മെന്റ് ഹൗസിലേക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇരച്ചുകയറിയ സംഭവം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സർക്കാരിനെ വിമർശിച്ചത്. അന്ന് അതിക്രമം കാണിച്ചവർക്കെതിരെ ഒരു കേസ് പോലും എടുത്തിരുന്നില്ല.പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന സമീപനം ജനാധിപത്യത്തിന് നിരക്കാത്തതാണെന്നും അദ്ദേഹം ആരോപിച്ചു.
















