ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അറസ്റ്റുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠര് രാജീവര് ഉന്നയിച്ച ഗൂഢാലോചന വാദങ്ങൾ പൂർണ്ണമായും തള്ളി നിയമമന്ത്രി പി. രാജീവ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പ്രവർത്തനങ്ങളിൽ സർക്കാർ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ശബരിമല യുവതീപ്രവേശനത്തെ എതിർത്തതിലുള്ള വൈരാഗ്യം തീർക്കാൻ സർക്കാർ തന്നെ കുടുക്കിയതാണെന്ന തന്ത്രിയുടെ വാദത്തിന് അടിസ്ഥാനമില്ലെന്ന് നിയമമന്ത്രി പറഞ്ഞു. പോലീസ് സ്വതന്ത്രമായാണ് അന്വേഷണം നടത്തുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ച് ആരെയും വേട്ടയാടുന്ന നയം സർക്കാരിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറസ്റ്റ് നടന്ന സമയത്ത് മൗനം പാലിച്ച പ്രതിപക്ഷം, ഇപ്പോൾ തന്ത്രിയുടെ വാദങ്ങൾ രാഷ്ട്രീയ ലാഭത്തിനായി ഏറ്റുപിടിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
















