ശബരിമല സ്വർണ്ണകൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരെ മനഃപ്പൂർവം കുടുക്കുകയായിരുന്നെന്ന് രമേശ് ചെന്നിത്തല. 41 ദിവസം ജയിലിൽ കിടത്തിയത് സംശയാസ്പദം. മുഖ്യമന്ത്രിയുടെ ഓഫീസിലെ നിർദ്ദേശപ്രകാരമാണ് എസ്ഐടി പ്രവർത്തിച്ചത്. യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാൻ മുതിരാതെ എസ്ഐടി ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്തത് ഒരു തെളിവുമില്ലാതെയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തന്ത്രിക്ക് ജാമ്യം ലഭിക്കുന്നതിനെ എസ്ഐടി എതിർത്തു. എന്നാൽ അതിനു വിരുദ്ധമാണ് കൊല്ലം വിജിലൻസ് കോടതിയിലെ വിധിന്യായം. കൊള്ളയിൽ തന്ത്രിയെ ബന്ധപ്പെടുത്തുന്നതിന് ഒരു തെളിവുമില്ല എന്ന് കൊല്ലം വിജിലൻസ് കോടതി പറഞ്ഞു. ശബരിമല തന്ത്രി അയ്യപ്പന്റെ പിതാവിന്റെ സ്ഥാനത്തുള്ള വ്യക്തിയാണ്. ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായി. അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
തന്ത്രിയെ അറസ്റ്റ് ചെയ്തു മന്ത്രിയെ രക്ഷപ്പെടുത്താൻ ഉള്ള നീക്കം ആണ് ഉണ്ടായതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യുവതി പ്രവേശനത്തെ തന്ത്രി എതിർത്തിരുന്നു. ശബരിമലയെ ഉപയോഗിച്ചുകൊണ്ടുള്ള രാഷ്ട്രീയ കളിക്ക് ജനങ്ങൾ ചുട്ട മറുപടി നൽകുമെന്ന് അദേഹം പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിൽ ഗുരുതരമായ തട്ടിപ്പും വെട്ടിപ്പും നടന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്.ഇതുവരെ കണക്കുകൾ വ്യക്തമാക്കാൻ സാധിച്ചിട്ടില്ല. ശബരിമല വിഷയത്തിൽ സർക്കാരും മുഖ്യമന്ത്രിയും കളിക്കുന്ന രാഷ്ട്രീയ കളിക്ക് ജനങ്ങൾ മറുപടി നൽകുമെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
















