ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട പങ്കാളിയിൽ നിന്നും പത്തൊൻപതുകാരിയായ വിദ്യാർത്ഥിനിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത. ലിവിൻ പങ്കാളിയായ ഡൽഹി സ്വദേശി ശിവമാണ് ത്രിപുര സ്വദേശിനിയായ പെൺകുട്ടിയെ അതിക്രൂരമായ ശാരീരിക പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ പ്രതിയെ ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ പെൺകുട്ടി നിലവിൽ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഗുരുഗ്രാമിലെ സ്വകാര്യ സർവകലാശാലയിൽ ബിഎസ്‌സി ബയോടെക്നോളജി വിദ്യാർത്ഥിനിയായ പെൺകുട്ടി, സെക്ടർ 69-ലെ പേയിംഗ് ഗസ്റ്റ് താമസസ്ഥലത്താണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ഡേറ്റിംഗ് ആപ്പ് വഴിയാണ് പ്രതിയായ ശിവത്തെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും ഒന്നിച്ച് താമസിക്കാൻ തീരുമാനിക്കുകയുമായിരുന്നു. വിവാഹം കഴിക്കണമെന്ന ധാരണയിലായിരുന്നു ഇരുവരും മുന്നോട്ട് പോയിരുന്നതെന്ന് പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
എന്നാൽ, താമസിയാതെ ശിവന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ പ്രകടമായി. പെൺകുട്ടി തന്നെ വഞ്ചിക്കുകയാണെന്ന് സംശയിച്ച ഇയാൾ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിക്കാൻ തുടങ്ങി. ഫെബ്രുവരി 16-ന് ഇരുവരും തമ്മിലുണ്ടായ തർക്കം ക്രൂരമായ അക്രമത്തിൽ കലാശിക്കുകയായിരുന്നു. സ്റ്റീൽ കുപ്പിയും പാത്രങ്ങളും ഉപയോഗിച്ച് പെൺകുട്ടിയുടെ തലയ്ക്കടിക്കുകയും ചുമരിൽ ഇടിപ്പിക്കുകയും ചെയ്ത പ്രതി, കത്തി ഉപയോഗിച്ച് കാലുകളിൽ മാരകമായ മുറിവുകളുണ്ടാക്കി. “ഇനി ഒരിക്കലും നടക്കാനോ അമ്മയാകാനോ പാടില്ല” എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ഈ ക്രൂരത. ഇതിനുപിന്നാലെ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സാനിറ്റൈസർ ഒഴിച്ച് തീക്കൊളുത്തി കൊല്ലാനും പ്രതി ശ്രമം നടത്തി.
ക്രൂരമായ പീഡനത്തിന് ശേഷം വിവരം പുറത്തുപറയാതിരിക്കാൻ പ്രതി പെൺകുട്ടിയുടെ നഗ്ന വീഡിയോകൾ പകർത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഭയം കാരണം രണ്ട് ദിവസത്തോളം മുറിക്കുള്ളിൽ കഴിഞ്ഞ പെൺകുട്ടി, ഒടുവിൽ പ്രതിയുടെ ഫോൺ തന്ത്രപൂർവ്വം കൈക്കലാക്കി അമ്മയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അമ്മ നൽകിയ വിവരമനുസരിച്ച് പോലീസ് സംഭവസ്ഥലത്തെത്തിയാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
















