യുഡിഎഫ് അധികാരത്തിൽ എത്തിയാൽ കേരളത്തിന്റെ ഖജനാവ് പണം കൊണ്ട് നിറയ്ക്കുമെന്ന ഉറച്ച പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ‘പുതുയുഗ യാത്ര’യുടെ ഭാഗമായി പെരുമ്പാവൂരിൽ നൽകിയ ഉജ്ജ്വല സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ പ്ലാനിംഗും ഗൃഹപാഠവും നടത്തിയാണ് തങ്ങൾ ജനങ്ങളിലേക്ക് എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആറുലക്ഷം കോടി രൂപയുടെ ഭീമമായ കടബാധ്യത മലയാളിയുടെ തലയിൽ കെട്ടിവെച്ചാണ് അടുത്ത മാസം മുഖ്യമന്ത്രി പിണറായി വിജയൻ അധികാരത്തോട് സലാം പറയുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. ഒരു സംസ്ഥാനത്തിന്റെ വികസനത്തിന് ആധാരമാകേണ്ട സാമ്പദ്ഘടനയുടെ നട്ടെല്ല് നിലവിലെ സർക്കാർ തകർത്തിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറിയത് സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഖജനാവിൽ പണം ഉണ്ടാകുമ്പോൾ മാത്രമേ ക്ഷേമപദ്ധതികൾ നടപ്പിലാക്കാനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും സാധിക്കൂ. നിലവിലെ ഭരണത്തിൽ സർക്കാർ അമ്പേ പരാജയപ്പെട്ട ഇടവും ഇതുതന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
















