അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളായ രണ്ട് യുവാക്കളെ തിരുവല്ല പോലീസ് പിടികൂടി. അടൂർ ഇളമണ്ണൂർ ഭൂതങ്കര സ്വദേശികളായ അനിൽ ഭവനിൽ അഖിൽ രാജ് (28), അനന്തു ഭവനിൽ അനന്തു (26) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 46 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു.
ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐ.പി.എസിന് ലഭിച്ച അതീവ രഹസ്യവിവരത്തെത്തുടർന്നായിരുന്നു പോലീസിന്റെ നീക്കം. ശനിയാഴ്ച മുതൽ നിഴൽ പോലെ പിന്തുടർന്ന പോലീസ് സംഘം, ഇന്ന് പുലർച്ചെ തിരുവല്ല ബസ് സ്റ്റാൻഡിൽ വെച്ച് പ്രതികളെ തന്ത്രപരമായി വലയിലാക്കുകയായിരുന്നു.
















