പ്രണയം നിരാകരിക്കപ്പെടുമ്പോൾ അത് മരണമായി മാറുന്ന കാഴ്ചകൾ ഇന്ന് നമ്മുടെ സമൂഹത്തിൽ ഭയപ്പെടുത്തുന്ന രീതിയിൽ വർധിച്ചുവരികയാണ്. പ്രണയപ്പകയിൽ മനുഷ്യൻ അന്ധനാകുമ്പോൾ, അവിടെ ഇല്ലാതാകുന്നത് ഒന്നും അറിയാത്ത പാവം മനുഷ്യരും അവർക്ക് ചുറ്റുമുള്ളവരുടെ പ്രതീക്ഷകളുമാണ്. ഒരാൾക്ക് പ്രണയം തോന്നിയാൽ മറ്റെയാൾക്കും തിരിച്ച് അത് ഉണ്ടാവണമെന്ന നിർബന്ധബുദ്ധിയും, ‘തനിക്ക് ലഭിക്കാത്തത് മറ്റാർക്കും ലഭിക്കരുത്’ എന്ന ക്രൂരമായ ചിന്താഗതിയുമാണ് പലപ്പോഴും ചോരക്കളിയിൽ കലാശിക്കുന്നത്. വന്യമായ ഈ പകയിൽ മനുഷ്യൻ മൃഗമായി മാറുന്നതും, ആയിരം സ്വപ്നങ്ങളുമായി ജീവിതം തുടങ്ങിയ പെൺകുട്ടികളുടെ ആയുസ്സറ്റു വീഴുന്നതും നാം നിത്യവും കാണുന്നു.
ഇത്തരത്തിൽ പ്രണയം നിരസിച്ചതിന്റെ പേരിൽ 2014-ൽ മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന ഒരു കൊലപാതകം ഏറെ ഞെട്ടിക്കുന്നതായിരുന്നു. സ്വന്തം സഹോദരതുല്യനായ വ്യക്തിയിൽ നിന്നും നേരിട്ട ആ ക്രൂരത ഒരു പെൺകുട്ടിയുടെ ജീവിതം മാത്രമല്ല, ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളെയാണ് പാതിവഴിയിൽ കരിച്ചുകളഞ്ഞത്. പ്രണയപ്പക എത്രത്തോളം ഭയാനകമാകാം എന്നതിന്റെ കരളലിയിക്കുന്ന തെളിവാണ് ജയശ്രീ നാംദേവ് എന്ന പെൺകുട്ടിയുടെ ഈ കഥ.
മധ്യപ്രദേശിലെ ഭോപ്പാൽ. അവിടെ വെച്ചായിരുന്നു ഗാന്ധി മെഡിക്കൽ കോളേജിൽ പഠിക്കുന്ന ജയശ്രീ നാംദേവ് എന്ന പെൺകുട്ടി രോഹിത് നാംദേവിനെ പരിചയപ്പെടുന്നത്. ഇരുവരും അവിടുത്തെ പി.ജി വിദ്യാർത്ഥികളായിരുന്നു. ആ സൗഹൃദം പതുക്കെ പ്രണയമായി വളരുകയും, വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിലേക്ക് എത്തുകയും ചെയ്തു. അങ്ങനെ 2014 മെയ് 8-ന് വളരെ ആഘോഷപൂർവം അവരുടെ വിവാഹ ചടങ്ങുകൾ നടക്കുകയായിരുന്നു.
വിവാഹ മണ്ഡപം പാട്ടും ഡാൻസും വെടിക്കെട്ടുമായി മുഖരിതമായിരുന്നു അവിടം. വൈകുന്നേരം ചടങ്ങുകൾക്കിടയിൽ ദമ്പതികൾ സ്റ്റേജിൽ നിൽക്കുമ്പോൾ, അതിഥികൾ ഓരോരുത്തരായി വന്ന് ഫോട്ടോയെടുക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. സന്ദർശകരെ സ്വീകരിക്കാൻ ജയശ്രീയുടെ അച്ഛൻ ഘനശ്യാം നാംദേവ് ഹാളിലെ വാതിൽക്കൽ തന്നെ നിന്നു. എല്ലാവരും സന്തോഷത്തിലായിരുന്ന ആ നിമിഷങ്ങളിൽ, ആരുമറിയാതെ ഒരാൾ ആ മണ്ഡപത്തിൽ ഒളിച്ചു കടന്നു. അവിടെ നടന്നിരുന്ന സന്തോഷം നശിപ്പിക്കാനായി എത്തിയ വെക്തി.
ഏകദേശം രാത്രി പതിനൊന്നേകാലായപ്പോൾ, എല്ലാവരും ആഘോഷങ്ങളിൽ മുഴുകിയിരിക്കെ, ആ അപരിചിതൻ സ്റ്റേജിലേക്ക് കയറിച്ചെന്നു. ജയശ്രീയുടെ പിന്നിലായി നിന്ന അയാൾ, തന്നെ ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി തന്റെ പക്കലുണ്ടായിരുന്ന തോക്കെടുത്ത് അവളുടെ കഴുത്തിന് പിന്നിൽ വെടിവച്ചു. പെട്ടെന്നുണ്ടായ പരിഭ്രാന്തിയിൽ രോഹിത് അയാളെ തടയാൻ ശ്രമിച്ചപ്പോൾ തോക്കിൽ നിന്നും വീണ്ടും വെടിയുണ്ടകൾ പടർന്നു. രോഹിത്തിന്റെ സുഹൃത്തായ ഒരാളുടെ തുടയിലാണ് ആ വെടിയേറ്റത്. നിമിഷങ്ങൾക്കകം മണ്ഡപം യുദ്ധക്കളമായി മാറി. ആളുകൾ ചിതറിയോടുകയും കുറച്ചുപേർ ചേർന്ന് അക്രമിയെ കീഴടക്കുകയും ചെയ്തു.
പോലീസ് സംഭവസ്ഥലത്തെത്തി. അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ജയശ്രീയുടെ അച്ഛന്റെ സഹോദരിയുടെ മകനായ അനുരാഗ് ആയിരുന്നു ആ കൊലയാളി. അനുരാഗിന്റെ അച്ഛൻ മരിച്ചതിനുശേഷം ഘനശ്യാമായിരുന്നു ആ കുടുംബത്തെ സഹായിച്ചിരുന്നത്. പഠനകാലത്ത് ജയശ്രീയുമായി അടുപ്പമുണ്ടായിരുന്ന അനുരാഗ്, അവളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ
ജയശ്രീ അനുരാഗിനെ ഒരു മൂത്ത സഹോദരനായാണ് കണ്ടിരുന്നത്. അതിനാൽ തന്നെ അവന്റെ പ്രണയാഭ്യർത്ഥന അവൾ നിരസിച്ചു. ഘനശ്യാം അനുരാഗിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അവന്റെ മനസ്സിൽ ജയശ്രീയോടുള്ള പക വളർന്നു. അവൾ മറ്റൊരാളുടേതാകുന്നത് സഹിക്കാൻ കഴിയാതെ വന്ന അനുരാഗ്, ജയശ്രീയുടെ നിശ്ചയത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ കണ്ടതോടെയാണ് അവളെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു.
അവിടെ നടന്ന ക്രൂരമായ ആ ആക്രമണത്തിൽ ജയശ്രീ കൊല്ലപ്പെട്ടു. രോഹിത്തിന്റെ സന്തോഷങ്ങൾ ആ ഒരു നിമിഷം കൊണ്ട് ഇല്ലാതായി. വിചാരണയ്ക്കൊടുവിൽ അനുരാഗിന് കോടതി ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. എന്നാൽ 2019-ൽ പരോളിലിറങ്ങിയ അനുരാഗ് സ്വന്തം വീട്ടിൽ വച്ച് ആത്മഹത്യ ചെയ്തു. ഒരു യുവാവിന്റെ അന്ധമായ പ്രണയവും പകയും തകർത്തത് ഒരു കൂട്ടം മനുഷ്യരുടെ ജീവിതമായിരുന്നു. സന്തോഷം നിറയേണ്ട വിവാഹപ്പന്തലിൽ നിന്ന് ചോര കിനിയുന്ന ഓർമ്മകളുമായി മടങ്ങാനായിരുന്നു ജയശ്രീയുടെയും രോഹിത്തിന്റെയും കുടുംബത്തിന്റെ വിധി. സ്നേഹിച്ച പെണ്ണിനൊപ്പം പുതിയര് ജീവിതം ആരംഭിക്കാനായി കാത്തിരുന്ന രോഹിതിന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ ദുഃഖമായിരുന്നു അത്. ആ കൊലപാതകം കൊണ്ട് നഷ്ടം അല്ലാതെ ആർക്കും ഒന്നും നേടാൻ സാധിക്കില്ല
















