രാഹുൽ മാങ്കൂട്ടത്തിൽ നിന്നുണ്ടായ മോശം പെരുമാറ്റം തുറന്നുപറഞ്ഞതിന്റെ പേരിൽ തനിക്കെതിരേ സൈബർ ആക്രമണം നടക്കുന്നതായി മുഖ്യമന്ത്രിക്ക് പരാതി നൽകി കോൺഗ്രസ് പ്രവർത്തകയും എഴുത്തുകാരിയുമായ എം.എ. ഷഹനാസ്. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും അനുയായിയായ നിബു വർഗീസ് എന്നയാളാണ് സാമൂഹികമാധ്യമങ്ങളിൽ സ്ത്രീത്വത്തെ അപമാനിക്കുന്നരീതിയിൽ മോശമായ ചിത്രങ്ങളും മറ്റും പ്രചരിപ്പിക്കുന്നതെന്ന് ഷഹനാസ് പരാതിയിൽ പറയുന്നു. ഇയാളുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈൽ ലിങ്കും പോസ്റ്റുകളുടെ ലിങ്കുകളും സഹിതമാണ് ഷഹനാസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുള്ളത്.
താൻ കുട്ടികളും കുടുംബവുമായി ജീവിക്കുന്ന വ്യക്തിയാണെന്നും തനിക്കെതിരെ വരുന്നത് മോശമായ രീതിയിലുള്ള സൈബർ ആക്രമണം ആണെന്നും താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും അവർ പരാതിയിൽ പറയുന്നു.
















