ആത്മീയ ഗുരുക്കന്മാരെ അംഗീകരിക്കാത്തവരെയും യുക്തിവാദികളെയും രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ രംഗത്ത്. ഗുരുക്കന്മാരെ ആദരിക്കാത്തവർ ‘തെമ്മാടികളും വിഡ്ഢികളുമാണെന്ന’ അദ്ദേഹത്തിന്റെ പ്രസ്താവന തമിഴ്‌നാട്ടിൽ വലിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. തമിഴ്‌നാട്ടിൽ സംഘടിപ്പിച്ച ഒരു ആത്മീയ സംഘടനയുടെ പരിപാടിയിൽ സംസാരിക്കവെയായിരുന്നു ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തിയുടെ ഈ വിവാദ പരാമർശം.
തമിഴ്‌നാട്ടിലെ യുക്തിവാദികളെ നേരിട്ട് ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു ജസ്റ്റിസിന്റെ പ്രസംഗം. “തമിഴ്നാട്ടിൽ ചിലർ സ്വയം യുക്തിവാദികൾ എന്ന് വിളിക്കുന്നു. ഗുരുവിനെ ദൈവത്തിന്റെ രൂപമായി കാണുന്ന ഞങ്ങളെ വിഡ്ഢികളെന്നും മര്യാദയില്ലാത്തവരെന്നും ക്രൂരന്മാരെന്നുമാണ് അവർ വിശേഷിപ്പിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ അങ്ങനെ പറയുന്നവർ തന്നെയാണ് വിഡ്ഢികളും മര്യാദയില്ലാത്തവരും ക്രൂരന്മാരുമെന്ന് ഞാൻ പറയും,” ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ തുറന്നടിച്ചു.
















