പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ആഷിയാനയിൽ മരുന്നുകച്ചവടവും മദ്യവ്യാപാരവും നടത്തിയിരുന്ന മൻവേന്ദ്ര സിങ്ങിനെയാണ് (49) മകൻ അക്ഷത് പ്രതാപ് സിങ് കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച മുതൽ മൻവേന്ദ്ര സിങ്ങിനെ കാണാനില്ലായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിലെ ബാരലിൽ നിന്ന് മൃതദേഹഭാഗങ്ങൾ കണ്ടെത്തുകയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മകൻ കുറ്റം സമ്മതിക്കുകയുമായിരുന്നു.
മത്സരപരീക്ഷകൾ എഴുതി ഡോക്ടറാകാൻ പിതാവ് നിർബന്ധിച്ചതാണ് കൊലപാതകത്തിന് കാരണം. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ പതിവായി തർക്കമുണ്ടായിരുന്നു.
വെള്ളിയാഴ്ച വൈകിട്ടും നടന്ന തർക്കത്തിനൊടുവിൽ അക്ഷത് പിതാവിനെ വെടിവച്ചു കൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹം കഷണങ്ങളാക്കി മാറ്റി. ഇത് കണ്ട സഹോദരിയെ അക്ഷത് ഭീഷണിപ്പെടുത്തി നിശബ്ദയാക്കുകയായിരുന്നു. ഫൊറൻസിക് സംഘം വീട്ടിൽ നിന്ന് തെളിവുകൾ ശേഖരിച്ചു. അക്ഷത് നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
















