കൊല്ലം തൃക്കടവൂരിൽ ഡിവൈഎഫ്ഐ നേതാവിന്റെ വീട് ആക്രമിച്ചെന്ന് പരാതി. തൃക്കടവൂർ ഈസ്റ്റ് മേഖല കമ്മിറ്റി പ്രസിഡന്റ് അനന്ദുവിന്റെ വീടിന് നേരെയാണ് പുലർച്ചെ ഒരു മണിയോടെ അക്രമികൾ കല്ലേറിഞ്ഞത്. സംഭവത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിൽ നടന്ന ഗാനമേളയിൽ ഗണഗീതം പാടിയതിനെതിരെ ഡിവൈഎഫ്ഐ പരാതി നൽകിയിരുന്നു.
ഈ പരാതി നൽകിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പറയുന്നത്. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.
വീടിന്റെ സിറ്റൗട്ടിലുണ്ടായിരുന്ന കസേരകളും പുറത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനവും അക്രമികൾ തകർത്തിട്ടുണ്ട്. ആക്രമണം നടക്കുമ്പോൾ അനന്ദുവും രോഗിയായ അമ്മയും മുത്തശ്ശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
സംഭവത്തിൽ അഞ്ചാലുംമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















