ചേരാനല്ലൂരിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ജയബാലകൃഷ്ണന്റെ പിന്നിൽ കാർ ഇടിച്ചാണ് മരണം. കാർ ഓടിച്ചിരുന്ന 17 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടുകട അടച്ച് ജയബാലകൃഷ്ണൻ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഇരിങ്ങാലക്കുട അഡിഷണൽ ജഡ്ജി റിനോ ഫ്രാൻസിസിന്റെ മകനാണ് പിടിയിലായതെന്നാണ് പൊലീസ് നൽകുന്ന വിവരം. അച്ഛനായ ജഡ്ജിയുടെ പേരിലാണ് കാറെന്നും കേസെടുത്തെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
അശ്രദ്ധമായും അപകടകരമായും വാഹനം ഓടിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് 17 വയസ്സുകാരനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. അപകടത്തിനു പിന്നാലെ കാർ സംഭവസ്ഥലത്തുനിന്ന് മാറ്റിയത് വിവാദമായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിവരം തേടിയപ്പോൾ ജഡ്ജി തട്ടിക്കയറിയെന്ന് ജയബാലകൃഷ്ണന്റെ ബന്ധുക്കൾ പറയുന്നത്. കേസുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹത്തിന്റെ സഹോദരിയുടെ മകൾ പറഞ്ഞു.















