കണ്ണൂരിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ ആക്രമണം ഉണ്ടായ സംഭവത്തിൽ പിടിയിലായ 5 കെഎസ് യു പ്രവർത്തകരെ റിമാൻഡ് ചെയ്തു. കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുൽ, അക്ഷയ് ,ബിതുൽ ബാലൻ, മുബാസ്, അഹമ്മദ് യാസീൻ എന്നിവരെ ആണ് റിമാൻഡ് ചെയ്തത്. മാർച്ച് 12 വരെയാണ് റിമാൻഡ്. മന്ത്രി വീണാ ജോര്‍ജിനെ മാരകായുധം കൊണ്ട് വധിക്കാന്‍ ശ്രമിച്ചെന്നാണ് എഫ്‌ഐആറിലെ ആരോപണം. കൊല്ലടാ എന്ന് ആക്രോശിച്ച് പ്രതികള്‍ പാഞ്ഞടുത്തു. മാരകായുധം കൊണ്ട് കഴുത്തിന് ആക്രമിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. മന്ത്രിയുടെയും ഗണ്‍മാന്‍ അഭിലാഷ് എംഎസിന്റെയും പരാതിയിലാണ് നടപടി.
കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി കെ എസ് യു പ്രവര്‍ത്തകരായ അഞ്ച് പ്രതികള്‍ റെയില്‍വേ സ്റ്റേഷനില്‍ അതിക്രമിച്ചുകയറി കരിങ്കൊടി കാണിച്ച് മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു. കൊല്ലടാ എന്ന് ആക്രോശിച്ചുകൊണ്ട് എന്തോ മാരകായുധം ഉപയോഗിച്ച് മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് ആക്രമിച്ചു.
തടയാന്‍ ശ്രമിച്ച പരാതിക്കാരനെ കൈകൊണ്ട് അടിക്കുകയും തടഞ്ഞ് വെക്കുകയും ചെയ്തു. പരാതിക്കാരന്റെയും മന്ത്രിയുടെയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തു – എഫ്‌ഐആറില്‍ പറയുന്നു. കഴുത്തിനും കൈയ്ക്കും പരുക്കേറ്റ മന്ത്രിയെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെ പരിയാരം മെഡിക്കല്‍ കോളജില്‍ നടത്താനാണ് തീരുമാനം.
















