ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന് വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് സ്പീക്കർ എ.എൻ. ഷംസീറിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്. മന്ത്രിയെ ആക്രമിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് സ്പീക്കർ എ.എൻ. ഷംസീറിനെതിരെ യൂത്ത് കോൺഗ്രസ് പോലീസിൽ പരാതി നൽകി.
സംഭവത്തിൽ നടന്ന ഗൂഢാലോചന അന്വേഷിക്കണമെന്നും സ്പീക്കറുടെ ഫോൺ പരിശോധിക്കണമെന്നുമാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിന്റെ ആവശ്യം.
അതേസമയം, മന്ത്രിയെ ആക്രമിച്ചത് കെ.എസ്.യു പ്രവർത്തകരാണെന്ന സി.പി.എം വാദത്തെ പ്രതിപക്ഷം ശക്തമായി എതിർക്കുന്നു. സി.പി.എം പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത് മന്ത്രിയുടെ ഗൺമാനാണെന്നാണ് കെ.എസ്.യുവിന്റെ ആരോപണം.
കെ.എസ്.യു പ്രവർത്തകർ മന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടുപോലുമില്ലെന്നും പ്രതിഷേധത്തെ വധശ്രമമായി ചിത്രീകരിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നു.
















