എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മ പുരസ്കാരം നൽകിയത് ചോദ്യം ചെയ്ത് ഹർജിയിൽ കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. രണ്ടാഴ്ചക്കുള്ളിൽ വിശദീകരണം നൽകണം എന്നറിയിച്ച കോടതി വെള്ളാപ്പള്ളി ഉൾപ്പെടെ എല്ലാ എതിർ കക്ഷികൾക്കും നോട്ടീസ് അയയ്ക്കുകയും ചെയ്തു.
വെള്ളാപ്പള്ളി നടേശനെതിരെയുള്ള കേസുകളുടെ വിവരങ്ങൾ പരിശോധിക്കണമെന്നും പുരസ്കാരം നൽകുന്നത് തടയണമെന്നുമാണ് ഹർജിയിലെ ആവശ്യം.
ശ്രീനാരായണ ധർമ്മ പ്രബോധന ട്രസ്റ്റ് സമർപ്പിച്ച ഹർജിയിൽ, വെള്ളാപ്പള്ളിക്ക് പുരസ്കാരം നൽകുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുന്നു. വെള്ളാപ്പള്ളിക്കെതിരെ അഴിമതി കേസുകളും ആത്മഹത്യാ പ്രേരണാ കേസുകളും നിലവിലുണ്ടെന്നും, ക്രിമിനൽ പശ്ചാത്തലമുള്ള ഒരാൾക്ക് രാജ്യത്തെ ഉയർന്ന സിവിലിയൻ ബഹുമതി നൽകുന്നത് തെറ്റായ കീഴ്വഴക്കമാണെന്നും ഹർജിക്കാർ വാദിക്കുന്നു. പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്നതിൽ കേന്ദ്ര സർക്കാരിന് വീഴ്ച പറ്റിയെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
















