ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ കെഎസ്‌യു പ്രതിഷേധത്തിനിടെയുണ്ടായ അതിക്രമങ്ങളിൽ കടുത്ത പ്രതികരണവുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഒരു സ്ത്രീയെ തള്ളിയിട്ട് പരിക്കേൽപ്പിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നത് സാംസ്‌കാരിക കേരളത്തിന് ചേർന്നതല്ലെന്നും ഇത് ‘ശുദ്ധ ചട്ടമ്പിത്തരമാണെന്നും’ അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരിൽ പുതിയ കെഎസ്ആർടിസി ബസ് ടെർമിനലിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
രാഷ്ട്രീയമായ വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് ഗണേഷ് കുമാർ ഓർമ്മിപ്പിച്ചു. മന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിലോ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുന്നതിലോ തെറ്റില്ല. എന്നാൽ, അമ്മയെപ്പോലെ കരുതേണ്ട ഒരു സ്ത്രീയെ തള്ളിയിട്ട് കഴുത്തൊടിക്കുന്ന രീതിയിലുള്ള അക്രമങ്ങൾ അംഗീകരിക്കാനാവില്ല. ഇത്തരം മര്യാദകേടുകൾ കാണിക്കുന്നത് ശരിയല്ലെന്നും പരാക്രമം കാണിക്കേണ്ടത് സ്ത്രീകളോടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധക്കാരുടെ രീതിയെ തെരുവുനായ്ക്കളോടാണ് മന്ത്രി ഉപമിച്ചത്. “തെരുവുനായ്ക്കളെപ്പോലെ ഒരു സ്ത്രീയുടെ നേരെ കുരച്ചുകൊണ്ട് ചാടുക, തള്ളിയിട്ട് പരിക്കേൽപ്പിക്കുക തുടങ്ങിയ പരാക്രമങ്ങൾ നമുക്ക് വേണ്ട. നമ്മൾ തെരുവുനായ്ക്കളെപ്പോലെയാകരുത്,” മന്ത്രി പറഞ്ഞു. ഇത്തരം പെരുമാറ്റങ്ങൾ കേരളത്തിലെ ജനങ്ങൾക്കിടയിൽ സ്വീകാര്യമല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
















