അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ വനിതാ പൊലീസിന്റെ വിരലൊടിച്ച് കടന്നുകളഞ്ഞ പ്രതിയെ പിടികൂടി. ഹൊസബെട്ടുവിലെ മൊയ്‌നുദ്ദീന്‍ സമായെ(33)ആണ് ഇന്ന് പുലര്‍ച്ചെ മഞ്ചേശ്വരം പൊലീസ് മംഗളൂരു കല്ലാപ്പു പച്ചക്കറി മാര്‍ക്കറ്റില്‍ വച്ച് അറസ്റ്റ് ചെയ്തത്. യുവതിയെയും യുവാവിനെയും ഒരുമിച്ചിരുത്തി നഗ്നദൃശ്യം പകര്‍ത്തി പണം ചോദിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് മൊയ്‌നുദ്ദീന്‍ സമാ.
ജനുവരി 14ന് ഉച്ചക്ക് 12ന് ഹൊസങ്കടിയിലാണ് സംഭവം നടന്നത്. ഇരുവരും ഉണ്ടായിരുന്ന മുറിയിലേക്ക് അതിക്രമിച്ച് കയറിയ മൊയ്‌നുദ്ദീന്‍ ഉള്‍പ്പെടുന്ന സംഘം യുവാവിനെയും പെണ്‍സുഹൃത്തിനെയും ഒരുമിച്ചിരുത്തി നഗ്നഫോട്ടോകളും വീഡിയോകളും പകര്‍ത്തി. തുടര്‍ന്ന് രണ്ട് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു.
പണം നല്‍കിയിട്ടില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം 5,000 രൂപയും മൊബൈല്‍ ഫോണുമായി സംഘം കടന്നുകളയുകയുമായിരുന്നു. തുടര്‍ന്ന് നല്‍കിയ പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ ഉണ്ടെന്നറിഞ്ഞ് പൊലീസ് മംഗളൂരുവിലെത്തി. പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ വനിതാ സിവില്‍ പൊലീസ് ഓഫീസറുടെ കൈവിരല്‍ ഒടിച്ച് മൊയ്‌നുദ്ദീന്‍ സമാന്‍ രക്ഷപ്പെടുകയായിരുന്നു. കൂട്ടുപ്രതികളെ നേരത്തെ പിടികൂടിയിരുന്നു.
















