കൊച്ചിയിൽ ഹണിട്രാപ്പിൽപ്പെടുത്തി ഭിന്നശേഷിക്കാരനെ ക്രൂരമായി മർദിച്ച പ്രതികൾക്കെതിരെ കാപ്പ ചുമത്തി. കേസിലെ പ്രതികളായ പറവൂർ സ്വദേശി സഫ്ന, കൂട്ടാളികളായ വൈറ്റില സ്വദേശി ജോൺ രാഹുൽ, ഇരുമ്പനം സ്വദേശി അമൽ, മരട് സ്വദേശി ആനന്ദ് എന്നവർക്കെതിരെയാണ് കാപ്പ ചുമത്തിയിരിക്കുന്നത്.
കഴിഞ ദിവസമായിരുന്നു സംഭവം നടന്നത്. കൊല്ലം നല്ലില സ്വദേശിയായ കേൾക്കാനും സംസാരിക്കാനും കഴിയാത്ത മുപ്പതുകാരനായ യുവാവിനെ സമൂഹ മാധ്യമം വഴി പരിചയപ്പെട്ട സഫ്ന യുവാവിനെ വശീകരിച്ച് എറണാകുളം സൗത്ത് ഓവർബ്രിഡ്ജിനു സമീപത്തെ ഹോട്ടലിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. ഹോട്ടലിലേക്ക് ചെല്ലാൻ വിസമ്മതിച്ച യുവാവിനെ നിർബന്ധപൂർവം റൂമിലേക്ക് എത്തിക്കുകയായിരുന്നു.
അവിടെ എത്തിയപ്പോൾ സംശയം തോന്നിയ യുവാവ് പുറത്തുകടക്കാൻ ശ്രമിച്ചപ്പോഴാണ് മുറിയിലെ ബാത്‌റൂമിൽ ഒളിച്ചിരുന്ന കൂട്ടാളികൾ ഇയാളെ ബലപ്രയോഗത്തിലൂടെ വിവസ്ത്രനാക്കി സഫ്നയോടൊപ്പമുള്ള ദൃശ്യങ്ങൾ പകർത്തിയത്. യുവാവിന്റെ അക്കൗണ്ടിലെ പണം പിൻവലിക്കാൻ ആദ്യം ശ്രമിച്ചപ്പോൾ അക്കൗണ്ടിൽ പണം ഇല്ലാത്തതിനാൽ യുവാവിനെ ഇവർ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു.
അവിടെ നിന്ന് രക്ഷപെട്ട യുവാവ് ഉടൻ തന്നെ കടവന്ത്ര പൊലീസിന് പരാതി നൽകുകയായിരുന്നു. കേസിലെ പ്രതികളായ അമൽ, അനന്തു എന്നിവർ കൊലപാതകം, ലഹരികടത്ത് അടക്കമുള്ള കേസുകളിൽ പ്രതികളാണ്. സംഭവത്തിൽ പ്രതികളെ ഉടൻ തന്നെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
















