‘ദ കേരള സ്‌റ്റോറി 2 ഗോസ് ബിയോണ്ട്’ സിനിമയുടെ റിലീസ് തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെ അഭിനന്ദിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഇന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ ആണ് കോടതിയുടെ നിലപാടിനെ പ്രശംസിച്ചത്. വിദ്വേഷം പടർത്തുന്ന വ്യാജനിർമിതികളെ പ്രതിരോധിക്കാൻ നിയമവഴികൾ തേടിയത് മാതൃകാപരമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ മതസൗഹാർദം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് ഈ ചിത്രം ഇറക്കിയതെന്നും അത് തടഞ്ഞു കൊണ്ട് ബഹുമാനപെട്ട കോടതി എടുത്ത തീരുമാനം സ്വാഗതാർഹമാണെന്നും ഇത്തരം വ്യാജപ്രചരണങ്ങൾക്കെതിരേ നിയമപോരാട്ടം നടത്തിയ ഹർജിക്കാരെ അവരുടെ സമയോചിതമായ ഇടപെടലിന് പ്രത്യേകം അഭിനന്ദിക്കുന്നു എന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
കൂടാതെ ആവിഷ്കാരസ്വാതത്ര്യത്തിന്റെ പേരിൽ ഒരു സംസ്ഥാനത്തെ അവഹേളിക്കുന്നത് ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാകില്ലെന്നും കേരളം തീവ്രവാദികളുടെ നാടാണെന്ന് വരുത്തിത്തീർക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ ആണ് നടക്കുന്നതെന്നും അദ്ദേഹം പറഞു. അതോടൊപ്പം തന്നെ മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും കേരള മാതൃകയെ തകർക്കാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ ഒറ്റക്കെട്ടായി ചെറുക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















