ജീവനക്കാരുടെ ഡേറ്റ ചോർന്നിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ വാട്സാപ്പ് സന്ദേശം തിരഞ്ഞെടുപ്പ് പ്രചാരണമല്ലെന്നും ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം. ഡിഎ കുടിശ്ശിക അനുവദിച്ചതും എച്ച്ആർഎ പുനഃസ്ഥാപിച്ചതും ജീവനക്കാരെ സന്ദേശത്തിലൂടെ അറിയിച്ചതാണ് എന്ന സർക്കാർ അറിയിച്ചു.
സന്ദേശത്തിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ പരാമർശിക്കുകയോ വോട്ട് ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും ജീവനക്കാരുടെ വിവരങ്ങൾ മൂന്നാമതൊരു വ്യക്തിക്കോ സ്ഥാപനത്തിനോ കൈമാറിയിട്ടില്ലെന്നും കേരള സ്റ്റേറ്റ് ഐടി മിഷൻ മുഖേനയാണ് സന്ദേശങ്ങൾ അയച്ചത് എന്നും സർക്കാർ ഇന്നത്തെ സത്യവാങ്മൂലത്തിൽ പറയുന്നു.
ഇതോടപ്പം തന്നെ മുഖ്യമന്ത്രിയുടെ ഓഫിസ് ഡേറ്റ ചോർത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് ഡേറ്റ സൂക്ഷിക്കാറില്ല. സർക്കാർ സേവനങ്ങൾ ജനങ്ങളിലെത്തിക്കാനായി കെഎസ്ഐടിഎം ഒരുക്കിയ വാട്സാപ്പ് പ്ലാറ്റ്ഫോമാണ് ഇതിനായി ഉപയോഗിച്ചതെന്നും അതിൽ പറയുന്നു. ഔദ്യോഗിക ആവശ്യത്തിനായി സർക്കാർ ജീവനക്കാർ നൽകിയ ഫോണ്‍ നമ്പർ ഉപയോഗിച്ചുള്ള പ്രചാരണം വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്തിട്ടുള്ളതാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് സത്യവാഗ്മൂലം സമർപ്പിച്ചത്.
















