ആരോഗ്യ മന്ത്രി വീണ ജോർജിന്റെ കഴുത്തിൽ ഗൺമാൻ പിടിച്ചിട്ടുണ്ടെങ്കിൽ അതിന് കെഎസ്‌യുക്കാരന്റെ വീടിന് നേരെ ബോംബെറിയുകയല്ല വേണ്ടതെന്ന് വടകര എംപി ഷാഫി പറമ്പിൽ. മന്ത്രിയെ മർദിക്കുന്ന വീഡിയോ പരിശോധിച്ചാൽ മന്ത്രിയുടെ അടുത്ത് എത്തുന്നത് ഗൺമാനാണ് എന്ന് മനസിലാകും എന്നും ഇതിന്റെ പേരിലാണ് കെഎസ്‌യുക്കാരന്റെ വീടിന് നേരെ ബോംബെറിഞ്ഞതെന്നും ഷാഫി പറഞ്ഞു. കഴിഞ്ഞ ദിവസം ബോംബേറുണ്ടായ കെഎസ്‌യു പ്രവർത്തകൻ ബിതുലിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാഫി.
വീണ ജോർജിന് നേരെ കരിക്കോടി കാണിച്ചതിന്റെ പേരിലാണ് റിമാൻഡിൽ കഴിയുന്ന കെഎസ്‌യു നേതാവ് ബിതുൽ ബാലന്റെ വീട്ടിൽ സിപിഎം നേതാക്കൾ ബോംബ് എറിഞ്ഞത്. ജനങ്ങളുടെ കൈയും ജീവനുമൊക്കെ നഷ്ടപ്പെടുന്ന ഒരു വകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ നടത്തിയ പ്രതിഷേധമാണോ ഇതിന് കാരണമെന്നും ഷാഫി പറമ്പിൽ ചോദിച്ചു.
അതുപോലെ ഇതിന് മുമ്പും വടകര മണ്ഡലത്തിലെ പല വീടുകൾക്ക് നേരെയും ഇതുപോലെ ഇവർ ബോംബേറുണ്ടായിരുന്നു എന്നും പോലീസ് എഫ്‌ഐആറിട്ടു പക്ഷെ ഇന്നേവരെ എത്രപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നും ഒരാളെയെങ്കിലും നിയമത്തിൽ കൊണ്ടുവരാൻ സാധിച്ചിട്ടോയെന്നും ഷാഫി ചോദിച്ചു. എന്തുചെയ്താലും നടപടിയെടുക്കില്ലെന്ന ഉറപ്പും ആഭ്യന്തരവകുപ്പിന്റെയും പോലീസിന്റെയും സഹായവുമാണ് വീണ്ടും വീണ്ടും ബോംബെറിയാനും ആളുകളെ ഭീഷണിപ്പെടുത്താനും സിപിഎം ക്രിമിനലുകളെ പ്രേരിപ്പിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
















