ഇറാൻ – അമേരിക്ക ആണവ ചർച്ചകളിൽ തൃപ്തനാകാതെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാനെ ആക്രമിക്കണമോ എന്ന കാര്യത്തില്‍ താന്‍ തീരുമാനമെടുത്തിട്ടില്ലെന്നും ട്രംപ് പറഞ്ഞു. അര്‍ത്ഥവത്തായ ഒരു ധാരണയിലെത്താനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും സമാധാനപരമായ മാര്‍ഗത്തിലൂടെ അത് നേടണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
എന്നാല്‍ ഇറാനുമായി ധാരണയിലെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഇറാനെതിരെ വലിയൊരു തീരുമാനം എടുക്കേണ്ടി വന്നേക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ജനീവയില്‍ നടന്ന മൂന്നാം ഘട്ട ആണവചര്‍ച്ചയിലും അമേരിക്കയും ഇറാനും കരാറില്‍ ധാരണയിലെത്തിയിട്ടില്ല.
വ്യാഴാഴ്ച ജനീവയിൽ അമേരിക്കയുമായുള്ള ചർച്ചകളിൽ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ഇറാനും മധ്യസ്ഥരായ ഒമാനും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാൽ യുഎസ് പ്രതിനിധികൾ തൃപ്തരായിരുന്നില്ല. സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ എന്നിവരുൾപ്പെടെയുള്ള യുഎസ് പ്രതിനിധികൾ ചർച്ചകളുടെ പുരോഗതിയിൽ തൃപ്തരല്ലാത്തതിനാൽ നിരാശയോടെയാണ് ജനീവ വിട്ടതെന്നാണ് റിപ്പോർട്ട്.
അതേസമയം, സൗദിയിലെ യുഎസ് വ്യോമതാവളത്തില്‍ യുദ്ധ മുന്നൊരുക്കം തകൃതിയായി പുരോഗമിക്കുകയാണ്. ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യരുതെന്ന് പൗരന്മാർക്ക് നിർദേശവുമായി കൂടുതല്‍ രാജ്യങ്ങളും രംഗത്തെത്തി.
















