സജി ചെറിയാന് ‘ക്ലീന്‍ ചിറ്റ്’ നല്‍കി അന്വേഷണം അവസാനിപ്പിക്കാനുള്ള പൊലീസിന്റെ ശ്രമത്തിന് തിരിച്ചടി. ഭരണഘടനാ വിരുദ്ധ പ്രസംഗത്തിലെ കേസില്‍ മന്ത്രി സജി ചെറിയാന് അനുകൂലമായ റിപ്പോര്‍ട്ടാണ് മടക്കിയത്. അന്വേഷണം അവസാനിപ്പിക്കാമെന്ന് ശുപാർശ ചെയ്യുന്ന അന്വേഷണ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് മേധാവി മടക്കി അയച്ചു. പ്രസംഗം ലൈവ് ചെയ്ത ഫോണും അക്കൗണ്ടും കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അക്കൗണ്ട് കണ്ടെത്താൻ സൈബർ സഹായം തേടാത്തത് എന്താണെന്ന് ക്രൈംബ്രാഞ്ച് മേധാവി ചോദിച്ചു. പത്തനംതിട്ട ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. തെളിവുകൾ ശേഖരിക്കാത്തതിൽ അന്വേഷണ സംഘത്തിന് വിമർശനവുമുണ്ട്. തെളിവുകൾ ശേഖരിക്കണമെന്നും അന്വേഷണസംഘത്തിന് ക്രൈംബ്രാഞ്ച് മേധാവി നിർദേശം നൽകി.
മല്ലപ്പള്ളിയില്‍ വച്ച് നടത്തിയ ഈ വിവാദ പ്രസംഗത്തിന് പിന്നാലെ സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സജി ചെറിയാന് ക്ലീൻ ചിറ്റ് ലഭിക്കുകയും, മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുകയുമായിരുന്നു.
















