സംരക്ഷിത ജീവി ഇനത്തിൽപ്പെടുന്ന മുള്ളൻ പന്നിയെ തല്ലിക്കൊന്ന സംഭവത്തിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കെതിരെ കേസെടുത്തു. പരുത്തിപ്പള്ളി വനം വകുപ്പാണ് കേസെടുത്തത്. ശശിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വെള്ളനാട് വാളിയറയിൽ ഇന്ന് രാവിലെ 7.30ഓടുകൂടിയാണ് രജിതയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ മുള്ളൻപന്നിയെ കണ്ടത്. ഇതിനുപിന്നാലെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നവർ പഞ്ചായത്തംഗമായ ശൈലജയേയും നാട്ടുകാരേയും വിവരം അറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞതിന് പിന്നാലെ വനം വകുപ്പിനെ എത്രയും പെട്ടെന്ന് വിവരം അറിയിക്കണമെന്നും മുള്ളൻ പന്നിയെ ഏറ്റെടുക്കണമെന്നും ശൈലജ വെള്ളനാട് ശശിയെ അറിയിക്കുകയായിരുന്നു. ഇതുകൂടാതെ നാട്ടുകാരിൽ ചിലരും ഈ വിവരം വനംവകുപ്പിനെ അറിയിച്ചിരുന്നു.
വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതിന് മുന്നേ എത്തിയ വെള്ളനാട് ശശി സമീപത്ത് ഉണ്ടായിരുന്ന ഇരുമ്പുവടി കൊണ്ട് മുള്ളൻ പന്നിയെ അടിച്ചുകൊല്ലുകയായിരുന്നു.
















