തീരദേശവാസികള്‍ക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും വീട്ടുനമ്പര്‍ അനുവദിക്കുന്നത് സംബന്ധിച്ച് പഠിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി,പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്നിവരടങ്ങുന്നതാണ് സമിതി. ഫെബ്രുവരി24ലെ മന്ത്രിസഭായോഗത്തിന്റെ തീരുമാനപ്രകാരമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. 2019ലെ കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ (CRZ)വിജ്ഞാപനപ്രകാരം തീരദേശത്ത് വീട് നിര്‍മ്മിക്കാനും പുനര്‍നിര്‍മ്മിക്കാനും അനുവാദം നല്‍കിയിട്ടുണ്ട്.
എന്നാല്‍ നിലവില്‍ ഈ വീടുകള്‍ക്ക് മൂന്നിരട്ടി നികുതി അടയ്‌ക്കേണ്ടി വരുന്നU/Aനമ്പര്‍ മാത്രമാണ് ലഭിക്കുന്നത്. തീരവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും അര്‍ഹമായ രീതിയില്‍ ഈ വീടുകളെ ക്രമീകരിച്ച്U/Aനമ്പരില്‍ നിന്ന് ഒഴിവാക്കണമെന്ന റിട്ട. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്റെ ശിപാര്‍ശ പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. വീട്ടുനമ്പര്‍ അനുവദിക്കുന്ന കാര്യത്തില്‍ അടിയന്തരമായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
















