കോഴിക്കോട് ജില്ലയിലെ ഫറോക്ക് പഴയ ദേശീയപാതയിൽ പുലർച്ചെയുണ്ടായ അതിദാരുണമായ വാഹനാപകടത്തിൽ നാല് യുവാക്കൾ മരിച്ചു. നല്ലളം ഡീസൽ പ്ലാന്റിന് സമീപം കാറും ചെങ്കല്ല് കയറ്റിവന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാമനാട്ടുകര സ്വദേശികളായ സുഹൃത്തുക്കളാണ് മരണപ്പെട്ടത്.
രാമനാട്ടുകര പരിയപുരത്ത് ശ്രീദിൻ വീട്ടിൽ ദിനിൽ (31), അയൽവാസികളായ ഫാറൂഖ് കോളേജ് കളിപ്പറമ്പിൽ അമ്പാടി വീട്ടിൽ അജീഷ് (35), കെ.പി. വിമൽ കുമാർ (36), ശ്യാം നിവാസിൽ ശ്യാം ലാൽ (33) എന്നിവരാണ് മരിച്ചത്. അപകടസ്ഥലത്ത് വെച്ച് തന്നെ നാല് പേരും മരണപ്പെട്ടിരുന്നു. കാറിലുണ്ടായിരുന്ന പന്തീരാങ്കാവ് കൊടൽ നടക്കാവ് സ്വദേശി ദിജിലിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശനിയാഴ്ച പുലർച്ചെ 3:25-ഓടെയായിരുന്നു സംഭവം. രാമനാട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തിരൂരിൽ നിന്ന് കണ്ണൂരിലേക്ക് ചെങ്കൽ കയറ്റാൻ വരികയായിരുന്ന ലോറിയും തമ്മിൽ മുഖാമുഖം ഇടിക്കുകയായിരുന്നു. മോഡേൺ ബസാർ കഴിഞ്ഞയുടൻ വരുന്ന കൊടുംവളവിന് തൊട്ടുമുൻപാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.
















