കായിക മേഖലയിലെ മികവിന് ജി.വി. രാജ പുരസ്കാരം കരസ്ഥമാക്കിയ പ്രതിഭകളെ ‘സ്പോർട്സ് ഈസ് മൈ ലൈഫ്’ അത്‌ലറ്റ് വെൽഫെയർ അസോസിയേഷൻ ആദരിച്ചു. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രമുഖ ഒളിമ്പ്യന്മാരും അർജുന അവാർഡ് ജേതാക്കളും ഉൾപ്പെടെ കായിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ബി.ജെ.പി. സംസ്ഥാന ലീഗൽ സെൽ കൺവീനർ അഡ്വ. ആർ.വി. ശ്രീജിത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്പോർട്സ് ഈസ് മൈ ലൈഫ് പ്രസിഡന്റും ഒളിമ്പ്യനുമായ അനിൽ കുമാർ പി.വി.എസ്.എം. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാഷണൽ പീപ്പിൾസ് പാർട്ടി ജനറൽ സെക്രട്ടറി ബിജു ഗോവിന്ദ് ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സ്പോർട്സ് ഈസ് മൈ ലൈഫ് മുഖ്യ രക്ഷാധികാരിയും വേൾഡ് കസ്റ്റംസ് അവാർഡ് ജേതാവുമായ കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ റോയി വർഗ്ഗീസ് ഐ.ആർ.എസിനെ ചടങ്ങിന്റെ ഭാഗമായി പ്രത്യേകം ആദരിച്ചു. കായിക രംഗത്തെ സമഗ്ര മികവിന് റോയി പി. ജോസഫിനും ആദരവ് നൽകി.

ജി.വി. രാജ പുരസ്കാരം നേടിയ മികച്ച സ്കൂൾ-കോളേജ് കായിക അധ്യാപകർ, കായിക താരങ്ങൾ, പരിശീലകർ, കായിക മാധ്യമ പ്രവർത്തകർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അന്താരാഷ്ട്ര-ദേശീയ തലത്തിലുള്ള നിരവധി താരങ്ങൾ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി.

അസോസിയേഷൻ ജനറൽ സെക്രട്ടറി ജീഷ് കുമാർ, ഒളിമ്പ്യൻ രഞ്ജിത് മഹേശ്വരി, ഒളിമ്പ്യനും അർജുന അവാർഡ് ജേതാവുമായ കെ.എം. ബിനു, ഒളിമ്പ്യൻ സിനി ജോസ്, ഒളിമ്പ്യൻ അനസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കൂടാതെ ബിനീഷ്, റോഷൻ, ആന്റണി, റീന റെജി, റെജി മാത്യു, കെ.സി. ലേഖ, അഭിലാഷ് പുരുഷോത്തമൻ, അജിമോൻ കെ.എസ്., രാജസ് തോമസ് തുടങ്ങിയവരും പങ്കാളികളായി.
















