ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകം തൊഴൽ ഇന്ന്. ഉച്ചയ്ക്ക് 2 മണിക്ക് നട തുറക്കുന്നത് മുതൽ രാത്രി 9.30 വരെ ഭക്തർക്ക് മകം ദർശനം നടത്താം.
വില്വമംഗലം സ്വാമിയാർക്ക് ദേവി സർവാഭരണ വിഭൂഷിതയായി ദർശനം നൽകിയതിന്റെ സ്മരണ പുതുക്കുന്നതാണ് ഈ പുണ്യദിനം. തിങ്കളാഴ്ച രാവിലെ 5.30ന് ഓണക്കുറ്റിചിറയിൽ ആറാട്ടോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുക.
രാവിലെ വടക്കേപൂരപ്പറമ്പിൽ പാണ്ടിമേളത്തോടു കൂടിയ മകം എഴുന്നള്ളിപ്പ്. ശേഷം ക്ഷേത്രാങ്കണത്തിൽ തിരിച്ചെഴുന്നള്ളി നിത്യച്ചടങ്ങുകൾക്കും ശ്രീഭൂതബലിക്കും ശേഷം അലങ്കാരത്തിനായി നട അടയ്ക്കും.
ഉച്ചയ്ക്ക് 1.00ന് ചോറ്റാനിക്കര മുരളീധര മാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം നടക്കും. ഉച്ചയ്ക്ക് 2.00ന് മകം തൊഴലിനായി നട തുറന്ന് രാത്രി 9.30 വരെ ദർശനം നടത്താം.
















