ബോളുവുഡ് നടൻ രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം ‘ധുരന്ധർ’ ബോക്‌സ് ഓഫീസിൽ വൻ ഹിറ്റായിരുന്നു. ആഗോള തലത്തിൽ 1300 കോടിയോളമാണ് ചിത്രം സ്വന്തമാക്കിയത്. ചിത്രത്തിലെ പാട്ടുകളും സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. അതിൽ ക്രിസ്റ്റൽ ഡിസൂസയുടേയും അയേഷ ഖാന്റേയും കിടിലൻ നൃത്തച്ചുവടുകളുമുള്ള ‘ഷരാരത്ത്’ എന്ന പാട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ ഗാനരംഗം ചിത്രീകരിക്കുന്നത് തന്റെ ആർത്തവ ദിനങ്ങളിലായിരുന്നുവെന്ന് അയേഷ ഖാൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
രണ്ട് ദിവസമെടുത്താണ് ഗാനരംഗം ചിത്രീകരിച്ചതെന്നും അന്ന് തന്റെ ആർത്തവദിനങ്ങളായിരുന്നുവെന്നും നടി ഒരു അഭിമുഖത്തിൽ പറഞ്ഞു. ശാരീരികബുദ്ധിമുട്ടില്ലായിരുന്നെങ്കിൽ തനിക്ക് അല്പംകൂടി നന്നായി ചെയ്യാൻ കഴിയുമായിരുന്നുവെന്നും നടി പറഞ്ഞു. എന്നാൽ ഈ വെളിപ്പെടുത്തലിന് പിന്നാലെ താൻ വലിയ രീതിയിൽ ട്രോളിന് ഇരയായെന്ന് അയേഷ ഖാൻ പറയുന്നു. തന്റെ സാധാരണമായൊരു തുറന്ന് പറച്ചിലിനോടുള്ള പ്രതികരണങ്ങൾ കണ്ട് ശരിക്കും പേടിച്ചുപോയെന്ന് നടി പറഞ്ഞു. ട്രോൾ ചെയ്തതിൽ ഭൂരിഭാഗവും പുരുഷന്മാരാണെന്നും നടി പറയുന്നു.
“ഈയിടെയായി നിങ്ങൾ എന്തു ചെയ്താലും പറഞ്ഞാലും അതെല്ലാം തമാശയും ‘ഡാർക്ക് ഹ്യൂമറും’ നേരമ്പോക്കുമായി മാറുന്നത് ഖേദകരമാണ്. എല്ലാറ്റിനെയും ചിരിയോടെ സമീപിക്കാൻ കഴിയുന്നത് നല്ല കാര്യമാണ്. എന്നാൽ, എല്ലാറ്റിനെയും ഏതു നേരവും പരിഹസിച്ചു ചിരിക്കുന്നത് അത്ര രസകരമായ ഒന്നല്ല.” -അയേഷ പറഞ്ഞു.
“എനിക്കത് സാധാരണമായ ഒന്നായതുകൊണ്ട് ഞാൻ അത് കരുതിയിരുന്നത് കൂടിയല്ല. ഓരോ മാസവും നാം ഈ ചക്രത്തിലൂടെ കടന്നുപോകുന്നുണ്ട്. ആർത്തവസമയത്ത് നാം ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുമുണ്ട്.” -അവർ കൂട്ടിച്ചേർത്തു.
മോജോ സ്റ്റോറിയുടെ വിമൻ ഓഫ് ഇന്ത്യ ഉച്ചകോടിയിലാണ് ‘ഷരാരത്ത്’ ഗാന ചിത്രീകരണം തന്റെ ആർത്തവദിവസങ്ങളിലായിരുന്നു എന്ന വെളിപ്പെടുത്തൽ വന്നതിന് പിന്നാലെയുള്ള ദിവസങ്ങൾ അയേഷ ഓർത്തെടുത്തത്. ഇതുമായി ബന്ധപ്പെട്ട ട്രോളുകളായിരുന്നു സോഷ്യൽ മീഡിയ മുഴുവൻ. തന്റെ ആർത്തവം പെട്ടെന്നൊരു ദേശീയ തമാശയായി മാറിയെന്നും അയേഷ പറഞ്ഞു.
“നമ്മുടെ ആൺമക്കളേയും സഹോദരന്മാരേയും ശരിക്കും ബോധവത്കരിക്കേണ്ടതുണ്ട്. എനിക്കുറപ്പാണ് ഈ തമാശകളെല്ലാം പുരുഷന്മാരിൽ നിന്നാണ് വന്നത്. വളരെ മോശമായി തോന്നി.” അയേഷ പറഞ്ഞു. എന്നാൽ, ആ പ്രതികരണങ്ങളിൽ ഒരു സെക്കന്റ് പോലും തനിക്ക് ലജ്ജ തോന്നിയിട്ടില്ലെന്നും നടി വ്യക്തമാക്കി. “അഭിമാനമുള്ള സ്ത്രീയാണ് ഞാൻ. ആർത്തവസമയത്ത് ഞാൻ ചെയ്ത കാര്യങ്ങളിൽ എനിക്കേറെ അഭിമാനമുണ്ട്.”- അയേഷ പറഞ്ഞു.
താൻ മാത്രമല്ല, തന്റെ ചുറ്റുമുള്ള സ്ത്രീകളെല്ലാം ആർത്തവസമയത്തും ജോലി ചെയ്യുകയും മികവ് തെളിയിക്കുകയും ചെയ്യുന്നുണ്ടെന്നും ആയിഷ പറഞ്ഞു. “ഈ മുറിയിൽ 100 സ്ത്രീകൾ ഉണ്ടെങ്കിൽ, അവരിൽ കുറഞ്ഞത് അഞ്ചോ രണ്ടോ പേർക്കെങ്കിലും ഇപ്പോൾ ആർത്തവമുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. നാം തിരിച്ചറിയുന്നില്ല, കാരണം അത് നാം വലിയൊരു കാര്യമാക്കുന്നില്ല. അത് വലിയ കാര്യമാക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് സമാധാനിക്കാം,” – താരം പറഞ്ഞു.
















