തൃശൂർ ഇരിങ്ങാലക്കുടയിൽ ഓൺലൈൻ ട്രേഡിങ് വഴി തട്ടിപ്പു നടത്തിയ പ്രതി അറസ്റ്റിൽ. ഇടുക്കി കാൾക്കൂന്തൾ ശാന്തിഗ്രാം സ്വദേശി മന്ത്രിക്കൽ വീട്ടിൽ അരവിന്ദ് സിബിയെയാണ് (25) തൃശൂർ റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതി അരവിന്ദ് കാട്ടൂർ സ്വദേശിയായ പരാതിക്കാരനെ കൊണ്ട് ഒരു വ്യാജ ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച ശേഷമാണ് തട്ടിപ്പ് നടത്തിയത്. ഏകദേശം 1.94 കോടി രൂപയാണ് തട്ടി എടുത്തത്.
2025 സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 26 വരെയുള്ള കാലയളവിനുള്ളിലാണ് ബാങ്ക് അക്കൗണ്ട് മുഖേന പ്രതി പണം കൈക്കലാക്കിയത്. പരാതിയുടെ അടിസ്ഥാനത്തിൽ അരവിന്ദിനെ കോഴിക്കോടു നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
















