ബംഗളൂരു: ഗൾഫ് മേഖലയിലെ വ്യോമഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് ദുബായിൽ കുടുങ്ങിയ ഒളിമ്പിക്‌സ് മെഡൽ ജേതാവ് പി.വി.സിന്ധു നാട്ടിൽ തിരിച്ചെത്തി. താൻ വീട്ടിൽ തിരിച്ചെത്തിയതായി അറിയിച്ച് സിന്ധു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്തു. ബെർമിംഗ്ഹാമിൽ നടക്കുന്ന ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ നിന്ന് പിന്മാറിയ ശേഷമാണ് രാജ്യത്ത് തിരിച്ചെത്തുന്നത്.
‘ബെംഗളൂരുവിലെ വീട്ടിൽ സുരക്ഷിതമായി തിരിച്ചെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ തീവ്രവും അനിശ്ചിതത്വവും നിറഞ്ഞതുമായിരുന്നു, പക്ഷേ എന്റെ വീട്ടിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞു’ അവർ പോസ്റ്റ് ചെയ്തു.
ദുബായ് അധികൃതർ, വിമാനത്താവള ജീവനക്കാർ, ഇമിഗ്രേഷൻ, വളരെ വിഷമകരമായ സമയത്ത് തങ്ങളെ പരിപാലിച്ച ഓരോ വ്യക്തിക്കും ഹൃദയപൂർവമായ നന്ദി. വാക്കുകളേക്കാൾ വളരെ കൂടുതലാണ് അവരോടുള്ള കടപ്പാടെന്നും സിന്ധു വ്യക്തമാക്കി.
ഇപ്പോൾ, വിശ്രമിക്കാനും റീസെറ്റ് ചെയ്യാനും ഇനിയുള്ള കാര്യങ്ങൾ തീരുമാനിക്കാനുമുള്ള സമയമാണെന്നും സിന്ധു കൂട്ടിച്ചേർത്തു.
ദുബായ് വഴിയാണ് ബർമിംഗ്ഹാമിലേക്ക് പോയിക്കൊണ്ടിരുന്നത്, അപ്പോഴാണ് ഇറാനിൽ യുഎസ്, ഇസ്രായേലി ബോംബാക്രമണത്തെത്തുടർന്ന് ഗൾഫ് മേഖലയിലെ വിമാന സർവീസുകൾ നിർത്തിവെച്ചതും കുടുങ്ങിയതും.
















