ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കുറിച്ച് ദക്ഷിണാഫ്രിക്കൻ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ ലുവാൻ ഡ്രി-പ്രിട്ടോറിയസ്. സി.എസ്.എ (CSA) ടി20 ചലഞ്ച് ടൂർണമെന്റിൽ ടൈറ്റൻസിന് വേണ്ടി പുറത്താകാതെ 188 റൺസ് അടിച്ചെടുത്താണ് താരം വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിന്റെ അപൂർവ റെക്കോർഡ് മറികടന്നത്.
സിഎസ്എ ടി20 ചലഞ്ച് ടൂർണമെന്റിൽ കഴിഞ്ഞ ദിവസം നടന്ന ടൈറ്റൻസും നൈറ്റ്‌സും തമ്മിലുള്ള മത്സരത്തിലാണ് റെക്കോഡ് പിറന്നത്. ടൈറ്റൻസിന് വേണ്ടി ഓപ്പണറായിറങ്ങിയ പ്രിട്ടോറിയസ് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചു. ആദ്യ രണ്ട് ഓവറിൽ 15 റൺസ് മാത്രമാണ് ടൈറ്റൻസെടുത്തത്.
എന്നാൽ മൂന്നാം ഓവർ മുതൽ പ്രിട്ടോറിയസ് കത്തിക്കയറി. പിന്നീട് വെടിക്കെട്ട് പൂരമായിരുന്നു. പവർപ്ലേയിൽ ടീം 88 റൺസിലെത്തി. അതിൽ 76 റൺസും പ്രിട്ടോറിയസിന്റെ ബാറ്റിൽ നിന്നായിരുന്നു.
ആറാം ഓവറിൽ 24 റൺസാണ് താരം അടിച്ചെടുത്തത്. ഏഴാം ഓവറിൽ ടീമിനെ നൂറുകടത്തിയ താരം ഒൻപതാം ഓവറിൽ സെഞ്ചുറിയും തികച്ചു. 40 പന്തിലാണ് സെഞ്ചുറി വന്നത്.
സെഞ്ചുറിക്ക് പിന്നാലെ മൈതാനത്ത് നൈറ്റ്‌സ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് ദക്ഷിണാഫ്രിക്കൻ ബാറ്റർ കുതിച്ചു. 16-ാം ഓവറിൽ ടീം 200 കടന്നു. പ്രിട്ടോറിയസ് 150 റൺസിലധികമാണ് ആ ഘട്ടത്തിൽ അടിച്ചെടുത്തത്. ഒടുക്കം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 267 റൺസിന് ടൈറ്റൻസ് ഇന്നിങ്‌സ് അവസാനിച്ചു.
പ്രിട്ടോറിയസ് 79 പന്തിൽ നിന്ന് 15 ഫോറും 13 സിക്‌സറുമടക്കം 188 റൺസെടുത്ത് പുറത്താവാതെനിന്നു. ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡും സ്വന്തമാക്കി. 2013-ൽ ഐപിഎല്ലിലാണ് ക്രിസ് ഗെയ്ൽ അന്ന് റെക്കോഡ് നേടിയത്. പുണെ വാരിയേഴ്‌സിനെതിരേ ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സ് താരമായിരുന്ന ഗെയ്ൽ 66 പന്തിൽ പുറത്താകാതെ നേടിയ 175 റൺസെടുത്തു. ഐപിഎല്ലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കൂടിയാണിത്.















