എയർ ഫോഴ്സ് അസോസിയേഷൻ എറണാകുളം ചാപ്റ്ററിന്റേതെന്ന പേരിൽ 2026 മാർച്ച് 8-ന് വാർഷിക പൊതുയോഗം നടക്കുമെന്ന് പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഭാരവാഹികൾ അറിയിച്ചു. ഇത്തരം വാർത്തകൾ തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അസോസിയേഷൻ ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കി.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള, വിരമിച്ച സൈനികരുടെ സംഘടനയായ തങ്ങൾ ഇത്തരമൊരു യോഗം നിശ്ചയിച്ചിട്ടില്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
മറ്റേതെങ്കിലും വ്യക്തികളോ സംഘടനകളോ ഇത്തരത്തിൽ ഒരു പൊതുയോഗം വിളിച്ചുചേർത്തിട്ടുണ്ടെങ്കിൽ അത് പൂർണ്ണമായും അനധികൃതമാണെന്ന് അസോസിയേഷൻ അറിയിച്ചു. ഈ യോഗത്തിന് എയർ ഫോഴ്സ് അസോസിയേഷൻ എറണാകുളം ചാപ്റ്ററിന്റെ യാതൊരുവിധ അംഗീകാരമോ അനുമതിയോ ഇല്ല. സംഘടനയുടെ അറിവോ സമ്മതമോ ഇല്ലാതെ നടത്തുന്ന ഇത്തരം നീക്കങ്ങൾ ദുരുദ്ദേശപരമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അനധികൃതമായി വിളിച്ചുചേർത്തിട്ടുള്ള ഈ യോഗത്തിൽ പങ്കെടുത്ത് അംഗങ്ങൾ വഞ്ചിതരാകരുതെന്ന് അസോസിയേഷൻ മുന്നറിയിപ്പ് നൽകി. കൂടാതെ, ഈ യോഗത്തിന്റെ പേരിൽ ആരെങ്കിലും പണപ്പിരിവ് നടത്തുന്നുണ്ടെങ്കിൽ ആ വിവരം ഉടൻ തന്നെ എയർ ഫോഴ്സ് അസോസിയേഷൻ എറണാകുളം ചാപ്റ്ററിനെ അറിയിക്കണം. അസോസിയേഷൻ വൈസ് പ്രസിഡന്റ് ജിജി ഐ.ടി ആണ് എറണാകുളം ചാപ്റ്ററിന് വേണ്ടി ഇക്കാര്യങ്ങൾ അറിയിച്ചത്.
















