കഴിഞ്ഞ മാസത്തെ ഇ–സ്കൂട്ടർ വിൽപ്പനിയിൽ എതിരാളികളെ പിന്നിലാക്കി ടി.വി.എസ് മോട്ടോഴ്സ്. ഫെബ്രുവരിയിൽ മാത്രം 1,11,000 യൂണിറ്റുകൾ ആണ് വിറ്റഴിച്ചത്. ഇതിൽ 31,600 യൂണിറ്റും ടി.വി.എസ് മോഡലുകളാണ്. അതേസമയം രണ്ടുവർഷം മുൻപുവരെ ഒന്നാം സ്ഥാനത്തായിരുന്ന ഓല ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗ്രീവ്സ് ഇലക്ട്രിക്ക് ഓലയെ പിന്നിലാക്കി അഞ്ചാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷത്തേക്കാൾ 46 ശതമാനം വർധനവുണ്ട്. ഈ സമ്പത്തിക വർഷം അവസാനിക്കാറാകുമ്പോൾ 2025 ഒക്ടോബറിനു ശേഷം ഏറ്റവും വിൽപ്പനയുള്ള രണ്ടാമത്തെ മാസമാണ് ഫെബ്രുവരി. ഇതുവരെ 12 ലക്ഷം യൂണിറ്റുകൾ ആണ് വിറ്റഴിഞ്ഞത്.
ഇ–സ്കൂട്ടർ വിൽപ്പനയിൽ ഒന്നാം സ്ഥാനം നിലനിർത്തി ടിവിഎസ് മോട്ടോഴ്സ്. കഴിഞ്ഞ വർഷത്തേക്കാൾ 67 ശതമാനം വിപണി വളർച്ച ഉണ്ടായിട്ടുണ്ട്. വിൽപ്പനയിൽ 28 ശതമാനവും ടിവിഎസിന്റെ ഐ–ക്യൂബ്, ഓർബിറ്റ് മോഡലുകളാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അഞ്ചു തവണ ടിവിഎസ് മോഡലുകൾ മുപ്പതിനായിരത്തിലധികം യൂണിറ്റുകൾ വിൽക്കാൽ കഴിഞ്ഞു. 2026 സാമ്പത്തിക ർഷത്തിൽ 2,90,746 യൂണിറ്റുകൾ വിറ്റുപോയി.
വിൽപ്പനയിൽ രണ്ടാം സ്ഥാനം നിലനിർത്തി ബജാജ് ഓട്ടോ. 25,323 ചേതക് യൂണിറ്റുകളാണ് ബജാജ് നിരയിൽനിന്നു വിറ്റുപോയത്. 17 ശതമാനം വളർച്ച നേടി. ബജാജ് അടുത്തിടെ അവതരിപ്പിച്ച ബജറ്റ് ഫ്രണ്‌ലി ആയ ചേതക് സി25 മോഡൽ കൂടി എത്തുന്നതോടെ വിൽപ്പന വർധിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.
20,581 യൂണിറ്റുകൾ വിൽപന നടത്തി ഏഥർ എനർജി മൂന്നാം സ്ഥാനം നേടി. കഴിഞ്ഞ വർഷത്തേക്കാൾ 72 ശതമാനം വളർച്ച നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 11,978 യൂണിറ്റുകളാണ് ഏഥർ വിറ്റത്. ഫാമിലി സ്കൂട്ടരാണ് റിസ്റ്റ മോഡലിനാണ് ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ളത്. 17 ശതമാനമാണ് ഏഥർ എനർജിയുടെ വിപണി വിഹിതം.
ഹീറോ മോട്ടർ കോർപിന്റെ ഇവി ബ്രാൻഡ് ആയ വിഡയാണ് നാലാം സ്ഥാനത്ത്. 12,512 യൂണിറ്റുകൾ ഫെബ്രുവരിയിൽ വിറ്റു. എട്ടാം തവണയാണ് ഒരു മാസം 10,000 യൂണിറ്റുകൾ എന്ന വിൽപന നേട്ടം വിഡ കൈവരിക്കുന്നത്. 11 ശതമാനമാണ് വിഡയുടെ വിപണി വിഹിതം. 3.4kWh ബാറ്ററി കപ്പാസിറ്റിയുള്ള വിഎക്സ്2 മോഡലുകൾ വിഡ കഴിഞ്ഞ വർഷം അവതരിപ്പിച്ചിരുന്നു.
ഒരുകാലത്ത് ഒന്നാം സ്ഥാനത്തായിരുന്ന ഓല ഇലക്ട്രിക്കിനെ പിന്തള്ളി അഞ്ചാം സ്ഥാനത്തെത്തി ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി. കോയമ്പത്തൂർ ആസ്ഥാനമായുള്ള എൻജിനീയറിങ് ബ്രാൻഡ് ആയ ഗ്രീവ്സ് കോട്ടണിന്റെ ഇലക്ട്രിക് വാഹന വിഭാഗമാണിത്. ആമ്പിയർ മാഗ്‌നസ്, നെക്സിസ് എന്നിവയാണ് ബ്രാൻഡിന്റെ മോഡലുകൾ. 4,725 യൂണിറ്റുകൾ കഴിഞ്ഞമാസം വിറ്റഴിച്ചു. ഓലയേക്കാവ്‍ 757 യൂണിറ്റുകൾ കൂടുതൽ. കഴിഞ്ഞ 42 മാസത്തെ കണക്കെടുക്കുമ്പോൾ ഏറ്റവും കുറവ് വിൽപ്പന നടന്ന മാസമായിരുന്നു ഫെബ്രുവരിയിലേത്.
















