നടനും ടിവികെ അധ്യക്ഷനുമായ വിജയ് തഞ്ചാവൂരിലെ അയ്യസാമിപ്പട്ടിയിൽ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. ഭരണ – പ്രതിപക്ഷ കക്ഷികൾക്കെതിരെ നടൻ നടത്തിയ പ്രസംഗം നിലവിലെ രാഷ്ട്രീയ കക്ഷികളുടെ രഹസ്യധാരണകളെ രൂക്ഷമായി പരിഹസിക്കുന്നു.
ഒന്നുകിൽ നീ അല്ലെങ്കിൽ ഞാൻ. ഞാനല്ലെങ്കിൽ നീ, നമുക്കിടയിൽ മറ്റാരും വരരുത്. നമ്മൾ രണ്ടുപേർക്കും മാത്രമേ ജനങ്ങളെ എളുപ്പത്തിൽ വഞ്ചിക്കാൻ സാധിക്കൂ എന്നാണ് ഭരണ- പ്രതിപക്ഷ കക്ഷികൾ പറയുന്നതെന്നും പുറമേയ്ക്ക് അടികൂടുകയാണെന്ന് തോന്നിച്ചാലും, അവരുടെ ആഭ്യന്തര ഇടപാടുകൾ കൃത്യമായിരിക്കുമെന്നും വിജയ് വിമർശിക്കുന്നു. ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയതിന് ശേഷമുള്ള വിജയ്‌യുടെ ആദ്യ പൊതുപരിപാടിയായിരുന്നു ഇത്.
“ഒന്നുകിൽ നീ അല്ലെങ്കിൽ ഞാൻ. ഞാനല്ലെങ്കിൽ നീ, നമുക്കിടയിൽ മറ്റാരും വരരുത്. നമ്മൾ രണ്ടുപേർക്കും മാത്രമേ ജനങ്ങളെ എളുപ്പത്തിൽ വഞ്ചിക്കാൻ സാധിക്കൂ. ഇപ്പോൾ ഈ വിജയ് വന്നതോടെ നമ്മുടെ ഉപജീവനമാർഗം ഇല്ലാതായിരിക്കുന്നു. ജനങ്ങൾ അവനെ കൂടുതൽ വിശ്വസിക്കുന്നതായി തോന്നുന്നു. നമ്മൾ പുറമെ അടികൂടുകയാണെന്ന് അഭിനയിച്ചാലും, നമ്മുടെ ആഭ്യന്തര ഇടപാടുകൾ കൃത്യമായിരിക്കണം.
ജനങ്ങളുടെ വികാരങ്ങൾ നമുക്ക് പ്രശ്‌നമല്ല, നമ്മുടെ ഇടപാടുകൾക്കാണ് പ്രാധാന്യം. അധികാരം നമുക്കിടയിൽ മാറിമാറി കൈവശം വെക്കാമെന്നാണ് നമ്മൾ കരുതിയത്. എന്നാൽ ഇനി അത് നടക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് നീ ചെയ്യേണ്ടത്. ഒരു വശത്തുനിന്ന് എസ്ഓപികൾ ഉപയോഗിച്ച് അവനെ തടയുക, മറുഭാഗത്തുനിന്ന് ആരോപണങ്ങൾക്കു മേൽ ആരോപണങ്ങൾ അടിച്ചേൽപ്പിച്ച് ഞാൻ അവനെ തടയാം. എന്താണ് പറയുന്നത്? ഈ ഡീൽ ഒക്കെയല്ലേ.” വിജയ് പറയുന്നു.
അതേസമയം വിവാഹമോചന ഹർജിയിൽ ഏപ്രിൽ 20 ന് നേരിട്ട് ഹാജരാവാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. തമിഴ് ഇൻഡസ്ട്രിയിലെ പ്രമുഖ നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്ന് ചൂണ്ടികാണിച്ചാണ് സംഗീത ചെങ്കൽപേട്ട് കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്തത്. 2021 ഏപ്രിൽ മുതൽ പ്രമുഖ നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്നും, ബന്ധം അവസാനിപ്പിക്കാമെന്ന് തനിക്ക് വാക്ക് നൽകിയെങ്കിലും വിജയ് ബന്ധം തുടർന്നുകൊണ്ടുപോയെന്നാണ് ഹർജിയിൽ ഉന്നയിക്കുന്നത്.
















