ആയത്തുല്ല അലി ഖമനയിയുടെ വധത്തിലേക്കെത്തിച്ച ഇസ്രയേല്‍-അമേരിക്ക സംയുക്ത ആക്രമണത്തില്‍ മൗനം പുലര്‍ത്തുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍. ഇനിയും മൗനം പുലര്‍ത്തുകയാണെങ്കില്‍ അവര്‍ അതിന് വിലയൊടുക്കേണ്ടി വരുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇപ്പോഴോ അല്ലെങ്കില്‍ പിന്നീടോ അവര്‍ അതിന്റെ കനത്ത വിലയൊടുക്കേണ്ടി വരുമെന്ന് സ്പാനിഷ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഇറാന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഇസ്രയേലിനും അമേരിക്കയ്‌ക്കൊപ്പം ചേര്‍ന്ന് ഇറാനെതിരെ പോരാടുന്നതിനെതിരെ കഴിഞ്ഞ ദിവസം ഇറാന്‍ വിദേശകാര്യ മന്ത്രാലയം കനത്ത മുന്നറിയിപ്പാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കിയിരുന്നത്.
യൂറോപ്യന്‍ രാജ്യങ്ങള്‍ യുദ്ധത്തില്‍ പങ്കെടുത്താല്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നായിരുന്നു ഇറാന്റെ പ്രതികരണം. അതേസമയം ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കാനുള്ള ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. അതേസമയം ആയത്തുല്ല അലി ഖമനയിയുടെ വധത്തില്‍ ഇന്ത്യ അനുശോചനം രേഖപ്പെടുത്തി. ഡല്‍ഹിയിലെ ഇറാന്‍ എംബസിയിലെ അനുശോചന പുസ്തകത്തില്‍ ഒപ്പിട്ടു. കേന്ദ്രസര്‍ക്കാരിന് വേണ്ടി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഒപ്പുവച്ചത്.
Story Highlights : Iran says EU countries will pay price if they stay silent on war
















