റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടറിയിച്ച് അമേരിക്ക. മിഡിൽ ഈസ്റ്റിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ ആഗോള ഊർജ്ജ വിപണിയിലുണ്ടായേക്കാവുന്ന അസ്ഥിരത ഒഴിവാക്കാനായി ഇന്ത്യയ്ക്ക് ഒരു മാസത്തേക്ക് ഉപരോധത്തിൽ ഇളവ് അനുവദിച്ചതായി അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പ്രഖ്യാപിച്ചു.
ഇതോടെ കടലിലുള്ള റഷ്യൻ ടാങ്കറുകളിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് താൽക്കാലികമായി അനുവാദം ലഭിക്കും. യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യൻ എണ്ണക്കമ്പനികളായ ലുക്കോയിലിനും റോസ്‌നെഫ്റ്റിനും മേൽ കഴിഞ്ഞ നവംബറിൽ ട്രംപ് സർക്കാർ ഉപരോധം ഏർപ്പെടുത്തിയിരുന്നു.
ഇതേത്തുടർന്ന് ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വലിയ കുറവുണ്ടാവുകയും ജനുവരി മാസത്തിൽ ഇത് 2022-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തുകയും ചെയ്തിരുന്നു. എന്നാൽ പുതിയ ഇളവ് പ്രഖ്യാപിച്ചതോടെ ഇന്ത്യൻ വിപണിക്ക് ഇത് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇറാൻ-ഇസ്രയേൽ സംഘർഷം പശ്ചിമേഷ്യയിലെ എണ്ണ ഉൽപാദനത്തെയും വിതരണത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില വർദ്ധിക്കാൻ കാരണമായി.
എങ്കിലും, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇളവ് ലഭിച്ച സാഹചര്യത്തിൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർദ്ധിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
















