കൊച്ചി: കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് ഈ മാസം പതിനഞ്ചിന് എത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. പാന്‍ട്രി, ടോയ്‌ലറ്റ് ഉള്‍പ്പടെയുള്ള എല്ലാ സൗകര്യങ്ങളും ബസില്‍ ഉണ്ടാകും. കൊച്ചിയില്‍ നിന്ന് ഒരു ബസ് രാവിലെ തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് ഒരു ബസ് കൊച്ചിയിലേക്കുമാണ് സര്‍വീസ് നടത്തുകയെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.
എറണാകുളം കാരയ്ക്കാമുറിയില്‍ നിര്‍മ്മിക്കുന്ന ബസ് സ്റ്റാന്റിന്റെ നിര്‍മ്മാണ ഉദ്ഘാടനവും നവീകരിച്ച എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയുടെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
റോഡ് പണി കഴിഞ്ഞാല്‍ സര്‍വീസ് തൃശൂര്‍ വരെ ദീര്‍ഘിപ്പിക്കും. മൂന്നര മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് എത്തും. ആലപ്പുഴ, കൊല്ലം തിരുവനന്തപുരം എന്നിവിടങ്ങളിലും സ്റ്റോപ്പ് ഉണ്ടാകും. ബുക്കിങ് മുഴുവന്‍ തിരുവനന്തപുരത്തേക്ക് ആണെങ്കില്‍ എവിടെയും സ്റ്റോപ്പ് ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. ബസില്‍ ടിക്കറ്റ് പരിശോധിക്കുക ഹോസ്റ്റസ് ആയിരിക്കും. അവരാണ് ഭക്ഷണവും നല്‍കുക. അതിനുള്ള ഹോസ്റ്റസിനെ തെരഞ്ഞെടുത്തതായും മന്ത്രി പറഞ്ഞു.
















