കോഴിക്കോട് റെയിൽവേ സ്റ്റേഷൻ സമീപം സെന്റ് പാട്രിക്സ് പള്ളിക്കു പിന്നിലെ മതബോധന ഓഫിസിൽ വൻ തീപിടിത്തം. കെട്ടിടം പൂർണമായും കത്തി നശിച്ചു. കെട്ടിടത്തിന് സമീപം പാർക്ക് ചെയ്തിരുന്ന പള്ളി വികാരിയുടെ കാറിനും ഭാഗികമായി തീപിടിച്ചു. പള്ളിയുടെ കെട്ടിടത്തിനും കാറിനും ആരോ തീയിട്ടുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ന് പുലർച്ചെ 4.45 ന് ചാലപ്പുറം പുഷ്പ ജംക്‌ഷനു സമീപം ഫ്രാൻസിസ് പാലത്തിന്റെ തുടക്കത്തിൽ റെയിൽവേ പാളത്തിന് തൊട്ടടുത്തുള്ള സെന്റ് പാട്രിക്സ് പള്ളിയിൽ ആണ് സംഭവം നടക്കുന്നത്. ഈ പള്ളിക്ക് പിന്നിൽ മതബോധന ക്ലാസുകൾ നടന്നുവന്ന പഴയ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. രൂപക്കൂട്, വിളക്ക്, രൂപങ്ങൾ, പളളിയുമായി ബന്ധപ്പെട്ട രേഖകൾ, പുസ്തകങ്ങൾ തുടങ്ങിയവയാണ് അവിടെ ഉണ്ടായിരുന്നത്.
പള്ളിയുടെ സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ കെട്ടിടത്തിൽനിന്ന് പുക ഉയരുന്നതിനിടെ ഒരാൾ മുകളിലൂടെ കടന്നു പോകുന്നതും തുടർന്ന് താഴേക്ക് ചാടി രക്ഷപ്പെടുന്നതും കാണാനായി സാധിക്കും. മേൽക്കൂരയും ഫർണിച്ചറുകളും ഉൾപ്പെടെ കെട്ടിടം പൂർണമായും നശിച്ചു. പളളിപ്പെരുന്നാളിന് സൂക്ഷിച്ച സാധനങ്ങളും കത്തിനശിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. സംഭവത്തിൽ ദുരൂഹത ഉള്ളതിനാൽ ചെമ്മങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
















