എണ്ണ വാങ്ങുന്നത് നിർത്തണമെന്ന ആവശ്യം ഇന്ത്യ പാലിച്ചെന്നും ഇന്ത്യ മികച്ച പങ്കാളിയാണെന്നും യുഎസ്. ആഗോള ഊർജവിപണി സ്ഥിരപ്പെടുത്തുന്നതിനായി റഷ്യൻ എണ്ണയുടെ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ നിരോധനത്തിൽ താത്ക്കാലിക ഇളവ് വരുത്താൻ സാധ്യതയുണ്ടെന്നും യുഎസ് അറിയിച്ചു.
പശ്ചിമേഷ്യയിലെ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യൻ റിഫൈനറികൾക്ക് അനുമതി നൽകുന്നതിനായി 30 ദിവസത്തെ താത്ക്കാലിക ഇളവ് നൽകിയതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ആഗോള എണ്ണ വിതരണത്തിൽ ഹ്രസ്വകാല തടസ്സങ്ങൾ ഒഴിവാക്കുന്നതിനാണ് ഈ അനുമതി നൽകിയതെന്നാണ് ബെസ്സെന്റ് പറഞ്ഞത് .
“ഇന്ത്യ വളരെ നല്ല പങ്കാളികളാണ്. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഞങ്ങൾ അവരോട് ആവശ്യപ്പെട്ടിരുന്നു. അവർ അത് ചെയ്തു. അവർ പകരം യുഎസ് എണ്ണ വാങ്ങാൻ തീരുമാനിച്ചിരുന്നു. എണ്ണയുടെ താത്കാലികക്ഷാമം കണക്കിലെടുത്ത് റഷ്യൻ എണ്ണ വാങ്ങാൻ ഞങ്ങൾ അനുമതി നൽകിയിട്ടുണ്ട്. റഷ്യൻ എണ്ണയുടെ മേലുള്ള മറ്റ് നിരോധനങ്ങളും നീക്കം ചെയ്‌തേക്കാം,’ ബെസ്സെന്റ് ഫോക്‌സ് ബിസിനസ്സിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
















