പ്രളയാനന്തരം സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങള്‍ ആഗ്രഹിക്കുന്ന വിധം കുട്ടനാടിന്റെ സമഗ്ര വികസനം സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കി വരികയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 752 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ആലപ്പുഴ – ചങ്ങനാശ്ശേരി റോഡ് (എ.സി. റോഡ്) മങ്കൊമ്പ് ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 65.5 കോടി രൂപയില്‍ നിര്‍മ്മിച്ച പടഹാരം പാലത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കാവാലം തട്ടാശ്ശേരി പാലത്തിന്റെ നിര്‍മ്മാണം, കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി – ഘട്ടം 2 നിര്‍മ്മാണം,വീയപുരം മുളയ്ക്കാം തുരുത്തി റോഡ് എന്നിവ ഉള്‍പ്പടെ 514 കോടി രൂപയുടെ വിവിധ പൊതുമരാമത്ത് പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നിര്‍വ്വഹിച്ചു.
മഴ ഒന്ന് കനത്താല്‍ യാത്ര തടസ്സപ്പെടുന്ന കാലം മാറി പ്രളയത്തെ അതിജീവിക്കും വിധം എ.സി. റോഡ് പുനര്‍നിര്‍മ്മിക്കാനായി. ഇതിന്റെ പ്രയോജനം ആലപ്പുഴ, കോട്ടയം ജില്ലക്കാര്‍ക്ക് മാത്രമല്ല, ഈ വഴി യാത്ര ചെയ്യുന്ന സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ലഭിക്കും. 2027 മേയ് മാസത്തോടെ കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി പൂര്‍ണ്ണമായും കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് ഘട്ടങ്ങളിലായി 615 കോടി രൂപ വകയിരുത്തി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തവണത്തെ ബജറ്റില്‍ കുട്ടനാടിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. വേമ്പനാട് കായലിന്റെ സംരക്ഷണവും സുസ്ഥിരമായ മാനേജ്മെന്റും രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമാണ്. ഇതിനായിട്ടുള്ള തുക 87 കോടി രൂപയില്‍ നിന്നും 137 കോടി രൂപയായി ബജറ്റില്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇത് കൂടാതെ കുട്ടനാട്ടിലെ ബണ്ട് നിര്‍മ്മാണത്തിന് അഞ്ചു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ 107 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
10 വര്‍ഷം മുമ്പുള്ള കേരളത്തിന്റെ അവസ്ഥ നിലവിലെ സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ വികസന നേട്ടങ്ങള്‍ വ്യക്തമായി മനസ്സിലാക്കുവാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാത വികസനം പോലുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയാത്ത സംസ്ഥാനമായി കേരളം മാറിയത് യാദൃച്ഛികമല്ല. 2016 നു ശേഷം തടസ്സങ്ങളെല്ലാം നീക്കി അവ നടപ്പാക്കാന്‍ സാധിച്ചത് വ്യക്തമായ നയത്തിന്റെ ഭാഗമായിട്ടാണ്. കേരളത്തില്‍ ദേശീയപാതയുമായി ബന്ധപ്പെട്ട് ഒന്നും നടക്കില്ല എന്നതായിരുന്നു 2016-ന് മുന്‍പിലെ അവസ്ഥ. എന്നാല്‍ അത് തിരുത്തുവാന്‍ സര്‍ക്കാരിന് കഴിഞ്ഞു. തടസ്സങ്ങള്‍ക്കു മുന്‍പില്‍ വഴങ്ങിക്കൊടുക്കാതെ നാടിന്റെ താല്പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഇടപെട്ടത്.
ഗെയില്‍ പൈപ്പ്ലൈന്‍ പദ്ധതിയും നടപ്പിലാക്കാന്‍ കഴിയില്ല എന്ന് കരുതിയ ഒന്നാണ്. നമ്മോടൊപ്പം ആരംഭിച്ച മറ്റു സംസ്ഥാനങ്ങളെല്ലാം അത് പൂര്‍ത്തിയാക്കിയെങ്കിലും അതിന്റെ തടസ്സങ്ങള്‍ പോലും മാറ്റുവാന്‍ കഴിഞ്ഞിരുന്നില്ല. 2016-ന് ശേഷം ആ പദ്ധതിക്ക് ജീവന്‍ വെക്കുകയും അത് പൂര്‍ത്തിയാക്കുകയും ചെയ്തു. ഉപേക്ഷിക്കപ്പെട്ട ഇടമണ്‍-കൊച്ചി പവര്‍ ഹൈവേയും യാഥാര്‍ഥ്യമായി. തീരദേശ ഹൈവേ, മലയോര ഹൈവേ എന്നിവയ്ക്കായി 10,000 കോടി രൂപ ചെലവഴിച്ചുകൊണ്ട് നടപ്പിലാക്കുകയാണ്. വയനാട് തുരങ്കപാത പോലുള്ള പുതിയ പദ്ധതികളും പുരോഗമിക്കുന്നു. സര്‍ക്കാര്‍ ഇത്തരം വികസന പദ്ധതികളുമായി മുന്നോട്ട് വന്നപ്പോള്‍, വികസനത്തെ എതിര്‍ക്കുവാനും തടസ്സങ്ങള്‍ സൃഷ്ടിക്കുവാനും ചിലര്‍ ശ്രമിക്കുകയുണ്ടായി. എന്നാല്‍, ആ തടസ്സങ്ങളെല്ലാം അതിജീവിച്ച് നിശ്ചിത സമയത്തിനുള്ളില്‍ തന്നെ പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള ലക്ഷ്യത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ ജലപാതയുടെ പ്രധാന റീച്ചുകളിലൊന്ന് പൂര്‍ത്തിയായി . നവകേരള സൃഷ്ടിക്കായി ഏവരുടെയും അകമഴിഞ്ഞ സഹകരണവും പിന്തുണയും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ചടങ്ങില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. പൊതുമരാമത്ത് വകുപ്പിന് കീഴില്‍ 1300 ഓളം കോടിയുടെ പദ്ധതികളാണ് കേരളത്തില്‍ ഇന്ന് ഉദ്ഘാടനം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അഞ്ചുവര്‍ഷംകൊണ്ട് 100 പാലങ്ങള്‍ നിര്‍മ്മിക്കണമെന്നായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ ഇന്ന് 200 പാലങ്ങളുടെ പൂര്‍ത്തീകരണത്തിലേക്ക് കടക്കാന്‍ പോകുന്നു എന്നത് അഭിമാനകരമാണ്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വിശിഷ്ടാതിഥിയായി സംസാരിച്ചു. കുട്ടനാട്ടില്‍ ശുദ്ധജലം എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതെന്നും ഒന്നാം ഘട്ടത്തിന്റെ ഭാഗമായി 70 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ആണ് നടത്തിയത് എന്നും മന്ത്രി പറഞ്ഞു.
കുട്ടനാട്ടില്‍ 13 പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കിഫ്ബി ധനസഹായത്തോടെയാണ് സമഗ്ര കുടിവെള്ള പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി സജി ചെറിയാന്‍ , എംഎല്‍എമാരായ തോമസ് കെ തോമസ്, എച്ച് സലാം, പി പി ചിത്തരഞ്ജന്‍, യു പ്രതിഭ, എം എസ് അരുണ്‍ കുമാര്‍, ജോബ് മൈക്കിള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്എ മഹേന്ദ്രന്‍, ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്, എഡിഎം ആശാ സി എബ്രഹാം, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ നാസര്‍, കെ എസ് ടി പി പ്രോജക്ട് ഡയറക്ടര്‍ എം അഞ്ജന, കെ ആര്‍ എഫ് ബി പ്രോജക്ട് ഡയറക്ടര്‍ എം അശോക് കുമാര്‍, കെ ആര്‍ എഫ് ബി ജനറല്‍ മാനേജര്‍ ബിജു കൃഷ്ണന്‍, കെഎസ്ടിപി ചീഫ് എന്‍ജിനീയര്‍ ഐസക് വര്‍ഗീസ് , കെ എസ് ടി പി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ കെ ടി ബിന്ദു, കെ ആര്‍ എഫ് ബി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ പി ആര്‍ മഞ്ജുഷ , കെ എസ് ടി പി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി.എസ്. ജ്യോതി , കെ ആര്‍ എഫ് ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി ദീപ, ജനപ്രതിനിധികള്‍ , രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
















