ഇസ്രായേലും അമേരിക്കയും ചേർന്ന് നടത്തുന്ന സംയുക്ത ആക്രമണങ്ങളെ ഒരുകാലത്തും വകവെച്ചു കൊടുക്കില്ലെന്നും ഇറാൻ കീഴടങ്ങില്ലെന്നും പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രഖ്യാപിച്ചു. ഇരുവിഭാഗവും തമ്മിലുള്ള പോരാട്ടം ഒൻപതാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് ഇറാൻ പ്രസിഡന്റിന്റെ ശക്തമായ പ്രതികരണം. തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തിന് വരുംദിവസങ്ങളിൽ കനത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ സുപ്രീം കൗൺസിൽ മേധാവി അലി ലരിജാനി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. രാജ്യത്തിന്റെ പരമോന്നത നേതാവ് അലി ഖമനേയിയെ വധിച്ചതിന് ട്രമ്പ് വലിയ വില നൽകേണ്ടി വരുമെന്ന് ലരിജാനി മുന്നറിയിപ്പ് നൽകി. “ഞങ്ങളുടെ നേതാവിന്റെയും ജനങ്ങളുടെയും രക്തത്തിന് നിഷ്ഠുരമായി ഞങ്ങൾ പകരം വീട്ടും. ട്രംപിന് അതിന് വലിയ വില കൊടുക്കേണ്ടിവരും,” എന്ന് അദ്ദേഹം തന്റെ എക്സ് ഹാൻഡിലിലൂടെ വ്യക്തമാക്കി.
ഔദ്യോഗിക ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ ലരിജാനി തന്റെ നിലപാട് ആവർത്തിച്ചു. ഖമനേയിയെ കൂടാതെ ആയിരത്തിലധികം ഇറാനികളെ രക്തസാക്ഷികളാക്കിയ അമേരിക്കൻ നടപടി ലഘുവായി കാണാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. “ഞങ്ങൾ അയാളെ വെറുതെ വിടില്ല, ചെയ്ത ക്രൂരതയ്ക്ക് അയാൾ അനുഭവിക്കേണ്ടി വരും” – ലരിജാനി പറഞ്ഞു. ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) മുൻ കമാൻഡർ കൂടിയായ ലരിജാനി, കൊല്ലപ്പെട്ട ഖമനേയിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളായാണ് അറിയപ്പെടുന്നത്.
















