കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ഉറപ്പാക്കുമെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. വഴിയിൽ കിടക്കുന്ന തേങ്ങയെടുത്ത് ഗണപതിക്ക് ഉടച്ചിട്ട് ‘രക്ഷിക്കണേ’ എന്ന് പറയുന്നതുപോലെയാണ് ഇത്തരം രാഷ്ട്രീയ പ്രഖ്യാപനങ്ങളെന്ന് മന്ത്രി കുറ്റപ്പെടുത്തി.
നിലവിൽ കെഎസ്ആർടിസി നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ഇത്തരമൊരു പദ്ധതി അപ്രായോഗികമാണെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. ദൈനംദിന കാര്യങ്ങൾ കഷ്ടിച്ച് നടന്നുപോകുന്ന സാഹചര്യത്തിലൂടെയാണ് സ്ഥാപനം കടന്നുപോകുന്നത്. ഈ ഘട്ടത്തിൽ വഴിയിൽ കൂടി പോകുന്നവർ എന്തും വിളിച്ചു പറയുന്ന അവസ്ഥയാണിപ്പോഴെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ കോൺഗ്രസ് നടപ്പിലാക്കിയ ‘ശക്തി’ പദ്ധതിയെ പരാമർശിച്ചായിരുന്നു മന്ത്രിയുടെ വിമർശനം. സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകിയതോടെ കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ വലിയ സാമ്പത്തിക ബാധ്യതയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് ലക്ഷ്യമിട്ട് എന്തും പറയുന്ന രീതി രാഷ്ട്രീയ മര്യാദയ്ക്ക് ചേർന്നതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിലവിൽ കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും മറ്റ് ആനുകൂല്യങ്ങളും അർഹതപ്പെട്ടവർക്ക് കൃത്യമായി നൽകുന്നുണ്ടെന്ന് മന്ത്രി അവകാശപ്പെട്ടു. ജീവനക്കാരുടെ കഠിനാധ്വാനം കൊണ്ടാണ് കോർപ്പറേഷൻ നിലനിന്നുപോകുന്നത്. നഷ്ടമില്ലാതെ സ്ഥാപനത്തെ മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്. അനാവശ്യമായ ഇത്തരം സൗജന്യ പ്രഖ്യാപനങ്ങൾ പൊതുഗതാഗത സംവിധാനത്തിന്റെ നട്ടെല്ലൊടിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
















