സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ മിനിമം വേതനം 40,000 രൂപയായി ഏകീകരിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ). ശമ്പള വർധനയുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുകളുമായി നടത്തിയ ചർച്ചകൾ ഭാഗികമായി പരാജയപ്പെട്ടതോടെ അഞ്ച് ജില്ലകളിൽ ഇന്ന് മുതൽ സമ്പൂർണ്ണ പണിമുടക്ക് ആരംഭിച്ചു. എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലെ പ്രമുഖ ആശുപത്രികളിലാണ് സമരം ശക്തമായിരിക്കുന്നത്.
സമരത്തിന് ആഹ്വാനം ചെയ്തെങ്കിലും, സംഘടനയുടെ ആവശ്യങ്ങൾ അംഗീകരിച്ച് നഴ്സുമാരുമായി പുതിയ വേതന കരാർ ഒപ്പിടാൻ തയ്യാറായ ആശുപത്രികളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മറ്റ് ജില്ലകളിലായി ഏകദേശം 200-ഓളം സ്വകാര്യ ആശുപത്രികൾ നഴ്സുമാർക്ക് ഉയർന്ന വേതനം നൽകാമെന്ന് രേഖാമൂലം ഉറപ്പ് നൽകിയതോടെ അവിടെ സമരം പിൻവലിച്ചു. അടിസ്ഥാന ശമ്പളം വർധിപ്പിക്കാൻ തയ്യാറാകുന്ന കൂടുതൽ മാനേജ്‌മെന്റുകൾ ചർച്ചയ്ക്ക് മുന്നോട്ടുവരുന്നതായാണ് സൂചന.
















