പണം മനുഷ്യനെ എത്രത്തോളം ക്രൂരനാക്കും എന്നതിന്റെ നടുക്കുന്ന ഉദാഹരണങ്ങളാണ് ഇന്ന് നമുക്ക് ചുറ്റും ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സ്വന്തം രക്തബന്ധങ്ങളെപ്പോലും വിശ്വസിക്കാൻ കഴിയാത്ത വിധം സ്വത്തിനും സമ്പത്തിനുമായി മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതകൾ വർദ്ധിച്ചുവരുന്നു. തങ്ങൾ ഒരിക്കലും പിടിക്കപ്പെടില്ലെന്ന അമിത വിശ്വാസത്തിൽ മിക്കവരും പടച്ചുവിടുന്ന ചതിക്കുഴികൾ നിസ്സാരമല്ല. മനുഷ്യനേക്കാൾ മൂല്യം കടലാസ് കഷണങ്ങൾക്ക് നൽകുമ്പോൾ അവിടെ ഇല്ലാതാകുന്നത് സ്നേഹവും വിശ്വാസവുമാണ്.
2024-ൽ കർണാടകയിൽ നടന്ന ഒരു സംഭവം ഈ ക്രൂരതയുടെ ആഴം വെളിപ്പെടുത്തുന്നതായിരുന്നു. സ്വന്തം കടബാധ്യതകൾ തീർക്കാൻ ഇൻഷുറൻസ് തുക തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ, തികച്ചും ആസൂത്രിതമായി നടത്തിയ ഒരു കൊലപാതകമായിരുന്നു അത്. തന്നോട് രൂപസാദൃശ്യമുള്ള ഒരു പാവം മനുഷ്യനെ സൗഹൃദം നടിച്ച് കൂടെക്കൂട്ടുകയും, അയാളെ അതിക്രൂരമായി കൊലപ്പെടുത്തി തന്റെ മൃതദേഹമാണെന്ന് വരുത്തിത്തീർക്കുകയും ചെയ്ത ആ കൊടും ക്രൂരത കേവലം പണത്തിന് വേണ്ടിയായിരുന്നു. സ്നേഹത്തോടെ കൈപിടിച്ചവനെ മരണത്തിലേക്ക് തള്ളിയിട്ട ഈ സംഭവം മനുഷ്യ മനസ്സാക്ഷിയെ ഒന്നടങ്കം ഞെട്ടിക്കുന്നതാണ്.
കർണാടകയിലെ ബാംഗ്ലൂർ റൂറൽ ജില്ലയിലുള്ള ചിക്കാഗോളിഗ എന്ന ഗ്രാമത്തിലായിരുന്നു 49 വയസ്സുകാരനായ മുനിസ്വാമിയും ഭാര്യ ശില്പ റാണിയും താമസിച്ചിരുന്നത്. ഇവർക്ക് ഒറ്റ മകളാണ്. മംഗലാപുരത്ത് പഠിക്കുന്ന മകളെ ഇടയ്ക്കിടെ പോയി കാണുന്നത് അവരുടെ പതിവായിരുന്നു. സ്വന്തമായി ‘മാരുതി’ എന്ന പേരിൽ ഒരു ടയർ ഷോപ്പും മറ്റ് ബിസിനസ്സുകളുമുള്ള മുനിസ്വാമി സാമ്പത്തികമായി നല്ല നിലയിലായിരുന്നു.
2024 ഓഗസ്റ്റ് 13-ന് മകളെ കാണാനായി മുനിസ്വാമിയും ശില്പയും ഡ്രൈവർ സോമേഷിനൊപ്പം മംഗലാപുരത്തേക്ക് പോയി. മകളെ കണ്ട് മടങ്ങുന്ന വഴിയിൽ ഹസൻ ജില്ലയിലെ കാന്താസി എന്ന സ്ഥലത്തെത്തിയപ്പോൾ കാറിന്റെ ടയർ പഞ്ചറായി. സോമേഷ് ടയർ മാറ്റുന്നതിനായി കാർ ജാക്കി വെച്ച് പണി തുടങ്ങുകയും മുനിസ്വാമിയും ശില്പയും കാറിൽ നിന്ന് പുറത്തിറങ്ങുകയും ചെയ്തു. ശില്പ ടയർ മാറ്റുന്നത് നോക്കി നിൽക്കുമ്പോൾ, മുനിസ്വാമി റോഡിന്റെ മറുഭാഗത്ത് നിന്ന് ദൂരേക്ക് നോക്കി എന്തോ ആലോചനയിലായിരുന്നു.
പെട്ടെന്നാണ് എതിർദിശയിൽ നിന്ന് പാഞ്ഞുവന്ന ഒരു ലോറി മുനിസ്വാമിയെ ഇടിച്ചുതെറിപ്പിച്ചത്. ഇടിച്ച ലോറി നിർത്താതെ പോവുകയും ചെയ്തു. ചോരയിൽ കുളിച്ച് കിടന്ന മുനിസ്വാമിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം അന്വേഷിച്ച പോലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ലോറി ഡ്രൈവർ ദേവേന്ദ്ര നായ്ക്കിനെ പിടികൂടി. വണ്ടി നിയന്ത്രണം വിട്ട് തട്ടിപ്പോയതാണെന്നും നാട്ടുകാർ തല്ലുമെന്ന് പേടിച്ചാണ് നിർത്താതെ പോയതെന്നും അയാൾ മൊഴി നൽകി. ആദ്യഘട്ടത്തിൽ ഇതൊരു സാധാരണ അപകടമായി പോലീസ് കരുതി.
എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെ കഥ മാറി. അപകടത്തിൽ ഉണ്ടായ മുറിവുകൾക്ക് പുറമെ, മുനിസ്വാമിയുടെ കഴുത്തിൽ ആരോ ഉണ്ടാക്കിയ മറ്റ് ചില മുറിവുകൾ കൂടി ഡോക്ടർമാർ കണ്ടെത്തി. ഇത് കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചു. തുടർന്ന് ശില്പ റാണിയെയും ഡ്രൈവർ സോമേഷിനെയും ചോദ്യം ചെയ്യാൻ നോക്കിയപ്പോൾ അവർ ഒളിവിൽ പോയതായി പോലീസ് കണ്ടെത്തി. അതോടെ അവർക്ക് മേലുള്ള സംശയം വർധിച്ചു. അങ്ങനെ ദിവസങ്ങൾക്ക് ശേഷം ശ്രീനിവാസ് എന്ന പോലീസ് ഇൻസ്പെക്ടറുടെ അടുത്തേക്ക് മരണപെട്ടു എന്ന് കരുതിയ മുനിസ്വാമി നേരിട്ട് എത്തി. മരിച്ചെന്ന് കരുതിയ ആൾ ജീവനോടെ മുന്നിലെത്തിയപ്പോൾ പോലീസ് ഓഫീസർസ് ഞെട്ടിപ്പോയി. അതോടൊപ്പം മുനിസ്വാമിയും അവിടുത്തെ ഇൻസ്പെക്ടറും ബന്ധുക്കളും കൂടിയായിരുന്നു. ഒടുവിൽ എന്താണ് സത്യത്തിൽ സംഭവിച്ചതെന്ന് മുനിസ്വാമി വെളിപ്പെടുത്തി: തന്നെയാരും കൊന്നിട്ടില്ല, മരിച്ചത് മറ്റൊരാളാണ് എന്ന സത്യം.
കോവിഡ് കാലത്ത് ബിസിനസ്സിൽ വലിയ തകർച്ചയുണ്ടായ മുനിസ്വാമി കടക്കെണിയിലായിരുന്നു. കടം വീട്ടാനായി അയാൾ ഒരു തന്ത്രം മെനഞ്ഞു. തന്റെ പേരിൽ അഞ്ച് കോടി രൂപയുടെ ഇൻഷുറൻസ് എടുക്കുകയും, തന്നെപ്പോലെ രൂപസാദൃശ്യമുള്ള ഒരാളെ കൊന്ന് അത് തന്റെ മൃതദേഹമാണെന്ന് വരുത്തിത്തീർത്ത് ഇൻഷുറൻസ് തുക തട്ടിയെടുക്കുകയും ചെയ്യുക എന്നതായിരുന്നു ആ പ്ലാൻ. ‘ശിവാജി’ എന്ന സിനിമ കണ്ടാണ് ഈ ബുദ്ധി തോന്നിയത്.
ഇതിനായി ശില്പ റാണിയും സോമേഷും മറ്റ് ചില സുഹൃത്തുക്കളും കൂട്ടുനിന്നു. മംഗലാപുരത്ത് ആക്രി പെറുക്കി നടന്നിരുന്ന പാവപ്പെട്ട ഒരാളെയാണ് അവർ ഇരയാക്കിയത്. അയാളുമായി ചങ്ങാത്തം കൂടി വിശ്വസ്തത നേടിയ ശേഷം, ഓഗസ്റ്റ് 13-ന് കാറിൽ കൂടെ കൂട്ടി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു. ലോറി ഡ്രൈവർ ദേവേന്ദ്ര നായ്ക്കിന് ഇതിനായി പണം നൽകിയിരുന്നു. ലോറി ഇടിച്ചിട്ടും മരിക്കാതിരുന്ന ഇരയെ അവർ കഴുത്തിൽ മുറിവേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മുഖം തിരിച്ചറിയാതിരിക്കാൻ ശില്പ റാണി പോസ്റ്റ്‌മോർട്ടം സമയത്ത് മുഖം ബാൻഡേജ് കൊണ്ട് മൂടിയിരിക്കണമെന്ന് ഡോക്ടർമാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇൻഷുറൻസ് തുക ലഭിക്കില്ലെന്ന് പേടിച്ചും പോലീസിന്റെ അന്വേഷണം ഭയന്നുമാണ് മുനിസ്വാമി ഒടുവിൽ കീഴടങ്ങാൻ തീരുമാനിച്ചത്. പോലീസ് മുനിസ്വാമി, ശില്പ റാണി, സോമേഷ്, ദേവേന്ദ്ര നായ്ക്ക് തുടങ്ങി ആറ് പേരെ അറസ്റ്റ് ചെയ്തു. സിനിമയെ വെല്ലുന്ന ഒരു കൊടുംക്രൂരതയുടെ ചുരുളാണ് ഇതോടെ തെളിഞ്ഞത്.
















