കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന മോട്ടിവേഷൻ സ്പീക്കറും റിട്ട. പ്രിൻസിപ്പലുമായ കെ.സി. ഷാജുവിനെതിരെ വീണ്ടും പോക്സോ കേസ്. കൗൺസലിങ്ങിനായി എത്തിയ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ആണ് ഷാജു ഇപ്പോൾ ജയിലിൽ കഴിയുന്നത്. അതിനിടയിലാണ് കോട്ടയത്ത് ഒരു പെൺകുട്ടി ഇയാൾക്കെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം 23ന് ആയിരുന്നു ഷൈജുവിനെ പതിനേഴുവയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഹയർ സെക്കൻഡറി സ്കൂളിലെ മുൻ പ്രിൻസിപ്പലായിരുന്ന ഷാജു വിരമിച്ചതിനു ശേഷം ഹയർ സെക്കൻഡറി വകുപ്പിന്റെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സ്റ്റേറ്റ് ഫാക്കൽറ്റിയായി പ്രവർത്തിച്ചുവരികയായിരുന്നു. കൗൺസിലിങ്ങിനായി ഇയാളുടെ അടുത്തു ചെന്ന പെൺകുട്ടിയെ മോശമായ രീതിയിൽ പെരുമാറി എന്ന പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഈ പരാതിയിൽ ഇയാൾ ഇപ്പോൾ കണ്ണൂർ സബ്ജയിലിൽ ആണ്.
അതിനിടയിലാണ് കോട്ടയം സ്വദേശിനിയായ പെൺകുട്ടി പരാതിയുമായി എത്തിയിരിക്കുന്നത്. കൗൺസലിങ്ങിനായി ഇയാളുടെ അടുത്ത് സമീപിച്ചപ്പോൾ രണ്ടു തവണ ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് കുട്ടിയുടെ പരാതി. കോട്ടയം പാമ്പാടി പൊലീസ് സ്റ്റേഷനിൽ പെൺകുട്ടി നൽകിയ പരാതി ഇരിട്ടി മുഴക്കുന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. രണ്ടാമത്തെ പരാതിയിൽ പൊലീസ് കണ്ണൂർ ജയിലിലെത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. തുടർന്ന് കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം നടത്തുന്നത്. ഷാജി സമൂഹ മാധ്യമങ്ങളിലും മറ്റും സ്ഥിരമായി മോട്ടിവേഷൻ വിഡിയോകൾ ചെയ്തിരുന്നു. മറ്റു ജില്ലകളിലുൾപ്പെടെ സ്കൂളുകളിൽ മോട്ടിവേഷൻ ക്ലാസും നൽകിയിരുന്നു.
















