ബംഗളൂരുവിൽ വ്യവസായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം തമിഴ്നാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അനേക്കലിൽ വസ്‌തു ഇടപാട് നടത്തുന്ന ഗോപാലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗോപാലിന്റെ മുൻ ബിസിനസ് പങ്കാളിയായ മോഹൻ ബാബുവിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച വൈകുന്നേരം 6:30-ഓടെയാണ് കർണാടക-തമിഴ്‌നാട് അതിർത്തിയായ കർപ്പൂരിന് സമീപം വെച്ച് ഗോപാലിനെ തട്ടികൊണ്ടുപോയത്. ഗോപാൽ സുഹൃത്തായ സതീഷിനൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്നു. ഈ സമയത്തു കാറിലെത്തിയ സംഘം ഗോപാലിന്റെ വാഹനത്തിൽ ഇടിച്ച് തടഞ്ഞുനിർത്തി. ശേഷം കാറിൽ നിന്ന് ഇറങ്ങിയ സംഘം സതീഷിന്റെ കണ്ണിലേക്ക് രാസലായനി സ്പ്രേ ചെയ്തു. പ്രാണരക്ഷാർത്ഥം സതീഷ് ഓടിമാറിയതോടെ, ഗോപാലിനെ ബലമായി വാഹനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു.
ഉടൻ തന്നെ സതീഷ് പോലീസിൽ പരാതി നൽകി. സതീഷ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏഴോളം പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് ഗോപാലിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. പ്രതികൾ തമിഴ്‌നാട് ഭാഗത്തേക്ക് കടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ആ ഭാഗങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. എന്നാൽ ഇന്നലെ രാവിലെയോടെ ഗോപാലിന്റെ മൃതദേഹം ഡെങ്കണിക്കോട്ടയ്ക്ക് സമീപം റോഡരികിൽ നിന്ന് ലഭിക്കുകയായിരുന്നു.
കൊലപാതകത്തിന് പിന്നിൽ ഗോപാലിന്റെ മുൻ ബിസിനസ് പങ്കാളി മോഹൻ ബാബുവാണെന്ന് പൊലീസ് സംശയിക്കുന്നു. മുമ്പ് ഒന്നിച്ച് പ്രവർത്തിച്ചിരുന്ന ഇവർ സാമ്പത്തിക തർക്കങ്ങളെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് പിരിഞ്ഞിരുന്നു. ഗോപാൽ സ്വന്തമായി റിയൽ എസ്റ്റേറ്റ് ബിസിനസ് ആരംഭിക്കുകയും അതിൽ വലിയ സാമ്പത്തിക വിജയം നേടുകയും ചെയ്തതിൽ മോഹൻ ബാബുവിന് കടുത്ത വിരോധമുണ്ടായിരുന്നു. കൂടാതെ രണ്ട് വർഷം മുമ്പ് മോഹൻ ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിൽ കൊണ്ടുപോയി ഗോപാലിനെ മർദിച്ചിരുന്നതായും ഗോപാലിന്റെ ഭാര്യ സ്വാതി മൊഴി നൽകി.
സംഭവത്തിൽ പ്രതികൾ എല്ലാം ഒളിവിലാണ്. അവർക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
















