പശ്ചിമേഷ്യൻ യുദ്ധം ആളിപ്പടരുന്ന പശ്ചാത്തലത്തിൽ ഇറാനുമായി നിർണ്ണായക ചർച്ചകൾ നടത്തി ഇന്ത്യ. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഫോണിൽ സംസാരിച്ചു.
നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശദമായ ചർച്ച നടത്തിയെന്ന് ജയശങ്കർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ചർച്ചകൾ ഇനിയും തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ഇറാനുമായി വിവിധ രാഷ്ട്രങ്ങൾ ആശയവിനിമയം നടത്തുന്നുണ്ട്. തുർക്കി പ്രസിഡന്റും വിദേശകാര്യമന്ത്രിയും ഇറാനുമായി സംസാരിച്ചു. ചർച്ചകളിലേക്കു മടങ്ങണമെന്നും ആക്രമണം അവസാനിപ്പിക്കണമെന്നും തുർക്കി ആവശ്യപ്പെട്ടു.
അതേസമയം റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചുവെന്നും ഇറാൻ അവകാശപ്പെടുന്നു. ആക്രമം തുടങ്ങിയവർ അവസാനിപ്പിക്കട്ടെയെന്നാണ് ഇറാന്റെ നിലപാട്. സംഘർഷം ആഗോളതലത്തിൽ ബാധിച്ചതോടെ യൂറോപ്യൻ യൂണിയൻ വിളിച്ചു ചേർത്ത ചർച്ചയിൽ ജിസിസി രാജ്യങ്ങൾ, യൂറോപ്യൻ യൂണിയൻ, അർമേനിയ, അസർബൈജാൻ, ഈജിപ്ത്, ഇറാഖ്, ജോർദാൻ, ലെബനൻ, സിറിയ, തുർക്കി എന്നീ രാജ്യങ്ങളും പങ്കെടുത്തു.
അതിനിടെ, ഇറാനെതിരെയുള്ള ആക്രണമണങ്ങളിൽ ഏറ്റവും വിനാശകരമായത് ഉടൻ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി യുഎസ്. ഇറാന്റെ സൈനിക ശേഷി പൂർണമായി തകർക്കുമെന്നും യുഎസ് ആക്രമണങ്ങളിൽ ഏറ്റവും കടുത്തതായിരിക്കും ഇതെന്നും യുഎസ് പ്രതിരോധസെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു.
















