മനുഷ്യബന്ധങ്ങളേക്കാൾ വലിയ വില പണത്തിന് കൽപ്പിക്കുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. സ്നേഹവും വിശ്വാസവും പണത്തിന് മുന്നിൽ വഴിമാറുന്ന കാഴ്ചകൾ ഓരോ ദിവസവും നമ്മെ ഭയപ്പെടുത്തുന്നു. ഉറ്റ സുഹൃത്തെന്നോ, ചോരബന്ധമെന്നോ നോക്കാതെ വെറും നോട്ടുകെട്ടുകൾക്ക് വേണ്ടി മനുഷ്യൻ നടത്തുന്ന ക്രൂരതകൾ കേട്ട് മനസ്സ് മരവിച്ചുപോയ അവസ്ഥയിലാണ് സമൂഹം.
ഏറ്റവും ഒടുവിൽ കർണാടകയിലെ ചിക്കമഗളൂരുവിൽ നിന്ന് പുറത്തുവരുന്ന വാർത്തയും ഇത്തരത്തിലൊന്നാണ്. പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാൻ ഒരു സമ്മാനം വാങ്ങി നൽകണം; അതിന് പണം കണ്ടെത്താൻ ആ യുവാവ് തിരഞ്ഞെടുത്തത് ഏഴ് വർഷം തന്നോടൊപ്പം നിഴൽപോലെ നടന്ന സ്വന്തം സുഹൃത്തിനെയായിരുന്നു. വിശ്വാസത്തിന്റെ പുറത്ത് കൂടെയിറങ്ങിയ സുഹൃത്തിനെ ചതിയിലൂടെ ഇല്ലാതാക്കിയ ആ ക്രൂരതയുടെ കഥ.
കർണാടകയിലെ ചിക്കമാഗ്ലൂർ ജില്ല. അവിടെയായിരുന്നു ഉറ്റ സുഹൃത്തുക്കളായ ഷാഫിയും പട്ടുരാജും ജീവിച്ചിരുന്നത്. ഏഴ് വർഷമായി സുഹൃത്തുക്കളായി ജീവിച്ചവരായിരുന്നു ഇരുവരും. കുറച്ചു നാളുകളായി ഷാഫിയുടെ വിവാഹ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്ന് ഇയാളുടെ രണ്ടാം ഭാര്യ പിണങ്ങി മറ്റൊരിടത്തേക്ക് താമസം മാറി പോയി. ഇത് ഷാഫിക്ക് സഹിക്കാൻ പറ്റുന്നതിനും അപ്പുറമായിരുന്നു. എങ്ങനെയെകിലും ഭാര്യയുമായുള്ള പിണക്കം മാറ്റണം എന്ന് ഷാഫി തീരുമാനിച്ചു. പക്ഷെ അതിനായി അയാൾ എടുത്ത വഴിയായിരുന്നു ക്രൂരമായി പോയത്
2026 ഫെബ്രുവരി 19. അന്ന് ചിക്കമംഗളുരുവിൽ നടന്നത് കൊടും ക്രൂരതയും ചതിയും ആയിരുന്നു. ഷാഫി പാട്ടുരാജിനെ ഫോണിൽ വിളിച്ചു ഒരു സ്വകാര്യ ധന സ്ഥാപനം സ്വർണം ലേലത്തിൽ കൊടുക്കുന്നുണ്ടെന്നും അതിന് പങ്കെടുക്കാൻ വരുന്നോ എന്നും ചോദിച്ചു. പാട്ടുരാജ് തന്റെ സുഹൃത്തിനെ വിശ്വസിച്ചു തന്റെ കൈയിൽ ഉണ്ടായിരുന്ന രണ്ടര ലക്ഷം രൂപയുമായി ലേലത്തിൽ പങ്കെടുക്കാനായി ഷാഫിക്കൊപ്പം പോയി.
ലേലത്തിൽ പങ്കെടുക്കാൻ എന്ന വ്യാജേന ഷാഫി പട്ടുരാജിനെയും കൂട്ടി അടുത്തുള്ള ആരും ഇല്ലാത്ത വന മേഖലയിലേക്ക് പോയി. ശേഷം ചുറ്റും ആരും ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം താൻ നേരത്തെ കൈയിൽ കരുതിയിരുന്ന കൊടു വാൾ കൊണ്ട് പാട്ടുരാജിനെ ഷാഫി ക്രൂരമായി വെട്ടി കൊലപ്പെടുത്തി. അതിന് ശേഷം പാട്ടുരാജ് കൊണ്ടുവന്ന രണ്ടര ലക്ഷം രൂപയുമായി പിടിക്കപെടില്ലെന്ന വിശ്വാസത്തിൽ അയാൾ അവിടെ നിന്നും രക്ഷപെട്ടു.
പിറ്റേന്ന് രാവിലെ അത് വഴി വന്ന പാൽക്കാരൻ ആണ് പട്ടുരാജിന്റെ മൃതദേഹം കണ്ടെത്തുന്നത്. ഉടൻ തന്നെ അയാൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അവരുടെ അന്വേഷണം ഒടുവിൽ ചെന്നെത്തിയത് ഷാഫിയിൽ ആയിരുന്നു. പോലീസ് രഹസ്യമായി അയാളെ നിരീക്ഷിച്ചു അയാൾ കുറ്റവാളിയാണെന്ന് കണ്ടെത്തി.
തുടർന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴായിരുന്നു തന്റെ രണ്ടാം ഭാര്യ പിണങ്ങി പോയെന്നും. അവൾക്ക് ടിവി സമ്മാനമായി നൽകാനാണ് കൊലപാതകം ചെയ്തതെന്നും അയാൾ വെളിപ്പെടുത്തുന്നത്. കൊലപാതകം കഴിഞു ഇയാൾ നേരെ പോയത് ഭാര്യയുടെ അടുത്തേക്കായിരുന്നു. അവിടെ ചെന്ന് അയാൾ അവർക്ക് 60000 രൂപ നൽകി. ഷാഫി ഇപ്പോൾ ജയിൽ അഴികൾക്കുള്ളിലാണ്. രണ്ടാം ഭാര്യക്ക് സമ്മാനം നൽകാനായി ഇത്രയും വർഷം കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ കൊലപ്പെടുത്തിയത് എല്ലാവരെയും ഞെട്ടിക്കുന്ന വാർത്തയായിരുന്നു.
















